തൃത്താല- ലോകം ആദരിക്കുന്ന നേതാക്കളെക്കുറിച്ച് ഇനിയും മോശം കാര്യങ്ങള്‍ പറഞ്ഞാല്‍ വി.ടി. ബല്‍റാം എം.എല്‍.എയുടെ നാവ് പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രന്‍. എ.കെ.ജിക്കെതിരേ ബല്‍റാം നടത്തിയ മോശം പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃത്താലയിലെ എം.എല്‍.എ ഓഫീസിലേക്ക് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിനെ അഭിസംബോധന ചെയ്യവേയാണ് മുന്‍ എം.എല്‍.എ കൂടിയായ ചന്ദ്രന്‍ കടുത്ത ഭാഷയില്‍ സംസാരിച്ചത്. ബല്‍റാം തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ വ്യക്തമാക്കി. ഇരുനൂറോളം പേര്‍ പങ്കെടുത്ത മാര്‍ച്ചില്‍ കുഴപ്പങ്ങള്‍ക്കിടയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എം.എല്‍.എ ഓഫീസിന് അര കിലോമീറ്റര്‍ അകലെ മാര്‍ച്ച് പോലീസ് തടഞ്ഞു. ബുധനാഴ്ച കാഞ്ഞിരത്താണിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ക്രമസമാധാനപാലനത്തിന് നേതൃത്വം നല്‍കാന്‍ സ്ഥലത്തെത്തിയിരുന്നു.
പരിപാടിയില്‍ സംസാരിച്ച സി.പി.എം നേതാക്കളെല്ലാം രൂക്ഷമായ ഭാഷയിലാണ് ബല്‍റാമിനെ വിമര്‍ശിച്ചത്. 'എല്ലാത്തിനും എതിരേ പ്രതികരിക്കണമെന്നുള്ളവര്‍ സ്വന്തം തന്തയുടെ മുഖത്തടിച്ച് പ്രതികരിച്ചോളൂ' എന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രയോഗം. എ.കെ.ജി ഉള്‍പ്പെടെയുള്ള നേതാക്കളെ ഒളിവില്‍ പാര്‍പ്പിച്ച മുഴുവന്‍ അമ്മമാരേയും അപമാനിക്കുന്നതാണ് ബല്‍റാമിന്റെ അധിക്ഷേപമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി സമരം ചെയ്യാന്‍ തീരുമാനിച്ചതു കൊണ്ടു മാത്രമാണ് ബല്‍റാം വീട്ടില്‍ കിടന്ന് ഉറങ്ങുന്നതെന്നും അത് മാറ്റിച്ചിന്തിക്കാന്‍ അവസരം ഉണ്ടാക്കരുതെന്നും എം. ചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
ബുധനാഴ്ച കാഞ്ഞിരത്താണിയിലുണ്ടായ സംഘര്‍ഷം ബല്‍റാമിന് അനുകൂലമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്നലത്തെ പ്രതിഷേധത്തില്‍ കുഴപ്പമുണ്ടാകരുതെന്ന് ഉറപ്പു വരുത്താന്‍ സി.പി.എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞപ്പോള്‍ അത് ഭേദിക്കാനുള്ള ശ്രമങ്ങളൊന്നും പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നത് ശ്രദ്ധേയമായി. ബുധനാഴ്ച സ്വന്തം മണ്ഡലത്തിലെ ഒരു സ്വകാര്യസ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ബല്‍റാമിനെതിരേ ആക്രമണമുണ്ടായത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. നേരത്തേ എം.എല്‍.എക്കെതിരായ സൈബര്‍ വിമര്‍ശനങ്ങളില്‍ പങ്കെടുത്തിരുന്ന വലിയൊരു വിഭാഗം സംഭവത്തോടെ നിലപാട് തണുപ്പിച്ചു. വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ പോലും ഒറ്റപ്പെട്ടിരുന്ന യുവനേതാവിന് അനുകൂലമായി ഗ്രൂപ്പ് ഭേദമന്യേ കോണ്‍ഗ്രസ് നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും അണിനിരക്കുന്നതിനും സംഭവം വഴിയൊരുക്കി. എ.കെ.ജിക്കെതിരായ പ്രസ്താവന പിന്‍വലിക്കാനോ മാപ്പു പറയാനോ തയ്യാറല്ലെന്ന നിലപാട് ശക്തമാക്കി മുന്നോട്ടു പോകാന്‍ ബല്‍റാമിന് സഹായകമായതും കാഞ്ഞിരത്താണിയിലെ അക്രമം തന്നെ.
അതേസമയം, എം.എല്‍.എയെ വഴിയില്‍ തടയേണ്ടെന്ന നേതൃത്വത്തിന്റെ തീരുമാനം സി.പി.എമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ക്ക് രുചിച്ചിട്ടില്ല. അവരെ അനുനയിപ്പിക്കാന്‍ തൃത്താലയില്‍ പ്രതിഷേധ പരമ്പര ഒരുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. അതിന്റെ തുടക്കമായിരുന്നു ഇന്നലത്തെ മാര്‍ച്ച്. വരുംദിവസങ്ങളില്‍ വിവിധ സി.പി.എം അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ സമാന പ്രക്ഷോഭങ്ങള്‍ നടക്കും. തിങ്കളാഴ്ച കര്‍ഷകത്തൊഴിലാളികളുടെ എം.എല്‍.എ ഓഫീസ് മാര്‍ച്ച് തീരുമാനിച്ചിട്ടുണ്ട്.
എം.എല്‍.എയെ ബഹിഷ്‌കരിക്കുക എന്നതാണ് സി.പി.എം പ്രാദേശികമായി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള മറ്റൊരു നടപടി. അതനുസരിച്ച് ബല്‍റാം പങ്കെടുക്കുന്ന പരിപാടികളിലൊന്നും സി.പി.എം നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുക്കില്ല. ഇടതുപക്ഷം ഭരിക്കുന്ന ഗ്രാമപ്പഞ്ചായത്തുകളുടെ പരിപാടിയില്‍നിന്ന് ബല്‍റാമിനെ പൂര്‍ണ്ണമായും ഒഴിവാക്കാനും ധാരണയായിട്ടുണ്ട്.