Sorry, you need to enable JavaScript to visit this website.

കാരക്കോണം തലവരിപ്പണക്കേസ്: ബിഷപ്പ് ധർമരാജ് റസാലത്തെ പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കി 

തിരുവനന്തപുരം- കാരക്കോണം മെഡിക്കൽ കോളേജിലെ തലവരിപ്പണക്കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബിഷപ്പ് ധർമരാജ് റസാലത്തെ ഒഴിവാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തട്ടിപ്പിൽ ബിഷപ്പിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. സി.എസ്.ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കൽ കോളേജാണ് കാരക്കോണം മെഡിക്കൽ കോളേജ്. സഭയിൽ വലിയപൊട്ടിത്തെറിയുണ്ടാക്കിയ സീറ്റ് ഇടപാടാണിത്. 


മെഡിക്കൽ കോളേജ് സീറ്റ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് വമ്പൻ സ്രാവുകളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ഹൈക്കോടതി കഴിഞ്ഞ വർഷം രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ജീവനക്കാർക്ക് പിന്നാലെ മാത്രമാണ് അന്വേഷണം നടക്കുന്നത്. മുഖ്യപ്രതികളായ സി.എസ്.ഐ സഭാ മോഡറേറ്റർ ധർമരാജ് റസാലത്തിനും കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനുമെതിരെ അന്വേഷണം ഇല്ലാത്തത് ആശങ്കപ്പെടുത്തുകയാണെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു. കോടതി ഇടപെടലിനെ തുടർന്ന് ബെനറ്റ് എബ്രഹാമിന്റെ പേര് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും അന്വേഷണം താഴെ തട്ടിൽ മാത്രമായി ചുരുങ്ങി എന്നതിന്റെ തെളിവാണ് വർഷങ്ങൾക്ക് ശേഷം സമർപ്പിച്ച ക്രൈംബ്രാഞ്ച് കുറ്റപത്രം.
കാരക്കോണം മെഡിക്കൽ കോളേജിലെ തലവരിപ്പണക്കേസുമായി ബന്ധപ്പെട്ട് എട്ട് കേസുകളിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. ഡയറക്ടർ ബോർഡ് അംഗം ഡോ. ബെന്നറ്റ് എബ്രഹാം ഉൾപ്പെടെ എട്ട് പ്രതികളാണ് പ്രതിപ്പട്ടികയിലുള്ളത്. കോളേജ് ഡയറക്ടറും ജീവനക്കാരും തട്ടിപ്പ് നടത്തിയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. മെഡിക്കൽ സീറ്റിനായി തലവരിപ്പണം വാങ്ങിയ ശേഷം അഡ്മിഷൻ നൽകിയില്ലെന്നായിരുന്നു പരാതി. 


പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമവും നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. നേരത്തേ അഴിമതി നിരോധനനിയമം ചുമത്തിയാണ് സംഭവത്തിൽ കേസെടുത്തിരുന്നത്. അതേസമയം, കാരക്കോണം മെഡിക്കൽ കോളേജിലെ ചെക്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തെളിവ് കണ്ടെത്താനായില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്താനായി കോളേജിന്റെ ചെക്ക് ദുരുപയോഗം ചെയ്തുവെന്നായിരുന്നു പരാതി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 2016 മുതൽ തലവരിപ്പണം കൈപ്പറ്റിയെന്ന് പരീക്ഷാ മേൽനോട്ട സമിതിക്ക് മുന്നിൽ ബിഷപ്പ് തന്നെ സമ്മതിച്ചിരുന്നു. കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാർഥികൾ അടക്കം 24 കുട്ടികളിൽ നിന്നായിരുന്നു ലക്ഷങ്ങൾ കോഴയായി വാങ്ങിയത്. സംഭവത്തിൽ ആദ്യം ലോക്കൽ പോലീസ് കോടതി നിർദേശ പ്രകാരം കേസ് എടുത്തെങ്കിലും പിന്നീട് ഹൈക്കോടതിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

 

Latest News