മസ്‌കത്ത്- ഒമാനിൽ കോവിഡ് ബാധിച്ച് ഇന്നലെ 37 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 982 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2,87,054 ആയി ഉയർന്നു. ഇതിൽ 2,60,826 പേർ രോഗമുക്തി നേടി. 90.9 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,482 പേർ മരണത്തിന് കീഴടങ്ങി. 122 രോഗികളെയാണ് ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. നിലവിൽ 1,290 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇവരിൽ 458 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച 12 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മരണ സംഖ്യ വീണ്ടും വർധിക്കുകയായിരുന്നു. ജൂലൈ നാലിന് 30,000 പേർ രോഗബാധിതരായിരുന്നു. രോഗബാധിതരുടെ എണ്ണം കുറയുന്നത് മാത്രമാണ് ആശ്വാസം. കോവിഡ് വാക്‌സിനേഷൻ എല്ലാവർക്കും നിർബന്ധമാക്കി രോഗികളുടെ എണ്ണം പരമാവധി കുറക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. കോവിഡ് വ്യാപനത്തിൽ വലിയ മാറ്റമില്ലാത്ത സാഹചര്യത്തിൽ രാത്രികാല ലോക്ഡൗൺ മൂന്ന് മണിക്കൂർ ദീർഘിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ നാല് മണി വരെയാണ് ഇപ്പോൾ ലോക്ഡൗൺ. ജൂലൈ 31 വരെ ഈ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകും. ബലിപെരുന്നാളിനോടനുബന്ധിച്ച് വരുന്ന അവധി ദിനങ്ങളിൽ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ പകൽ സമയത്ത് യാത്രകളും ഒത്തു ചേരലുകളും ഈദ് ഗാഹും പെരുന്നാൾ ചന്തകളും നിർത്തിവെക്കാനും തീരുമാനമുണ്ട്.