ജിദ്ദ - സൗദിയിലെ ആദ്യത്തെ ലേഡീസ് ഓൺലി കാർ ഷോറൂം ജിദ്ദയിൽ പ്രവർത്തനം തുടങ്ങി. ലെ മാളിലാണ് ഷോറൂം പ്രവർത്തിക്കുന്നത്. വനിതകൾക്ക് ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വരുന്നതിന് അഞ്ച് മാസം കൂടി ബാക്കി നിൽക്കെയാണ് കാറുകൾ സ്വന്തമാക്കുന്നതിന് ആഗ്രഹിക്കുന്ന വനിതകളെ ആകർഷിക്കുന്നതിന് പ്രമുഖ കാർ ഏജൻസി ലേഡീസ് ഷോറൂം തുറന്നത്.
വനിതകൾ മാത്രം ജോലി ചെയ്യുന്ന ഷോറൂമിൽ ബാങ്കുകളും ഫിനാൻസ് കമ്പനികളും വാഹന വായ്പാ ഓഫറുകളും നൽകുന്നുണ്ട്. കൂടുതൽ ലേഡീസ് കാർ ഷോറൂമുകൾ തുറക്കുന്നതിന് കമ്പനിക്ക് പദ്ധതിയുണ്ട്. വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകുന്ന തീരുമാനം സെപ്റ്റംബർ 26 നാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ചത്. ജൂൺ 24 മുതൽ ഇത് പ്രാബല്യത്തിൽവരും.