റിയാദ് - പൊതുമാപ്പ് അവസാനിച്ച ശേഷം സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ പിടിയിലായ 85,036 നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് അവസാനിച്ചതിനെ തുടർന്ന് നവംബർ 15 മുതൽ കഴിഞ്ഞ ബുധനാഴ്ച വരെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 3,86,892 നിയമ ലംഘകരാണ് പിടിയിലായത്. ഇവരിൽ 2,38,040 പേർ ഇഖാമ നിയമ ലംഘകരും 1,05,945 പേർ തൊഴിൽ നിയമ ലംഘകരും 42,907 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്.
ഇക്കാലയളവിൽ അതിർത്തി വഴി സൗദിയിൽ നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 5,288 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇവരിൽ 78 ശതമാനം പേർ യെമനികളും 21 ശതമാനം പേർ എത്യോപ്യക്കാരും ഒരു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. നുഴഞ്ഞുകയറ്റക്കാരിൽ 5,288 പേരെ നാടുകടത്തി. അതിർത്തി വഴി സൗദിയിൽ നിന്ന് പുറത്തേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 292 പേരെയും ഇക്കാലയളവിൽ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് യാത്രാ, താമസ സൗകര്യം നൽകിയ കേസുകളിൽ 795 വിദേശികളെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇതേ കുറ്റത്തിന് 126 സൗദികളും പിടിയിലായി. ഇക്കൂട്ടത്തിൽ 101 സൗദികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. 25 പേർക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണ്.
2,304 വനിതകളും 11,334 പുരുഷന്മാരും അടക്കം 13,638 നിയമ ലംഘകരെ നിയമാനുസൃത നടപടികൾക്ക് വിധേയരാക്കിവരികയാണ്. 63,140 നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രാ രേഖകളില്ലാത്ത 56,546 പേരെ താൽക്കാലിക യാത്രാ രേഖകൾക്ക് അവരവരുടെ രാജ്യങ്ങളുടെ എംബസികൾക്കും കോൺസുലേറ്റുകൾക്കും കൈമാറി. സ്വദേശങ്ങളിലേക്ക് നാടുകടത്തുന്നതിനു മുന്നോടിയായി 63,148 നിയമ ലംഘകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.