റിയാദ് - കഴിഞ്ഞ വർഷം സൗദിയിൽ അഞ്ചു ലക്ഷത്തിലേറെ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. വിദേശ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം ഏഴു ശതമാനം കുറഞ്ഞു. 2016 അവസാനം ഗോസി രജിസ്‌ട്രേഷനുള്ള വിദേശ തൊഴിലാളികളുടെ എണ്ണം 85,18,206 ആയിരുന്നു. 2017 ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണം 79,59,490 ആയി കുറഞ്ഞു. 5,58,716 പേരുടെ കുറവാണ് കഴിഞ്ഞ വർഷമുണ്ടായത്. ഇതേസമയം സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണത്തിൽ ആറര ശതമാനം വർധന രേഖപ്പെടുത്തി. 1,21,789 സൗദികളാണ് തൊഴിൽ വിപണിയിൽ പുതുതായി പ്രവേശിച്ചത്. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം 18,62,118 ൽ നിന്ന് 19,83,907 ആയി 2017 ൽ ഉയർന്നു.
സ്വകാര്യ മേഖലയിൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയ പദ്ധതികളാണ് സൗദി ജീവനക്കാരുടെ എണ്ണം ഉയരുന്നതിനും വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നതിനും സഹായിച്ചത്. നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഉയർത്തിയിട്ടുണ്ട്. ഷോപ്പിംഗ് മാൾ സൗദിവൽക്കരണ പദ്ധതിക്ക് മന്ത്രാലയം തുടക്കമിട്ടു. ജ്വല്ലറി മേഖലയിൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കി. ലേഡീസ് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ സൗദി വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് മൂന്നാം ഘട്ട വനിതാവൽക്കരണവും നടപ്പാക്കി. സ്വകാര്യ മേഖലയിലെ തൊഴിലുകൾ സ്വീകരിക്കുന്നതിനും ജോലിയിൽ ഉറച്ചുനിൽക്കുന്നതിനും സൗദി വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ ജീവനക്കാർക്ക് ഗതാഗത സഹായവും കുഞ്ഞുങ്ങളെ ക്രഷെകളിൽ പരിചരിക്കുന്നതിന് ധനസഹായവും നൽകുന്ന പദ്ധതികളും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ വർഷം നടപ്പാക്കി.
സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങക്ക് പ്രോത്സാഹനമെന്നോണം സൗദി ജീവനക്കാരുടെ വേതനത്തിന്റെ 20 ശതമാനം വരെ വഹിക്കുന്ന പദ്ധതിയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് സൗദി ജീവനക്കാരുടെ വേതനത്തിന്റെ 20 ശതമാനം വരെ മാനവശേഷി വികസന നിധി വഹിക്കും. തൊഴിലാളികളുടെ വേതന വിഹിത വരിസംഖ്യയായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) തൊഴിലുടമകൾ അടക്കേണ്ട തുകയുടെ നിശ്ചിത ഭാഗമാണ് ഹദഫ് വഹിക്കുന്നത്.
ഇതുപ്രകാരം സൗദി വനിതാ ജീവനക്കാരുടെ വേതനത്തിന്റെ ഇരുപത് ശതമാനവും പുരുഷ ജീവനക്കാരുടെ പതിനഞ്ചു ശതമാനവും ഗോസി വരിസംഖ്യയായി ഹദഫ് അടക്കും. ഇതിലൂടെ ഗോസി വരിസംഖ്യ അടക്കുന്നതിനുള്ള ചെലവ് ലാഭിക്കുന്നതിനും സ്വദേശികളെ ജോലിക്ക് വെക്കുന്നതിനുള്ള ചെലവ് കുറക്കുന്നതിനും തൊഴിലുടമകൾക്ക് സാധിക്കും.