ആലപ്പുഴ- കുട്ടനാട് പള്ളാത്തുരുത്തിക്ക് സമീപം യുവതിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് പോലീസ്. അമ്പലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അനിത(32)യുടെ മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. അനിതയുടെ കാമുകൻ നിലമ്പൂർ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി രജനി എന്നിവരെ പോലീസ് പിടികൂടി.
ശനിയാഴ്ച രാത്രിയാണ് പള്ളാത്തുരുത്തിക്ക് സമീപം കായലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു അനിത ആത്മഹത്യ ചെയ്തതാകും എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടി.
ആറുമാസം ഗർഭിണിയായിരുന്ന അനിതയുടെ കഴുത്തിൽ ബലം പ്രയോഗിച്ചതിന്റെ പാടുണ്ടെന്നും തൈറോയ്ഡ് ഗ്രന്ധിക്ക് പരിക്കുണ്ടെന്നുമായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതോടെ അനിതയുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ചു. അവസാനം വിളിച്ചത് പ്രബീഷാണെന്നും കണ്ടെത്തി. പ്രബീഷ് താമസിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് അവിടെയത്തി പ്രബീഷിനെയും കാമുകി രജനിയെയും പിടികൂടുകയായിരുന്നു. ഭർത്താവിനെ ഉപേക്ഷിച്ച് പ്രബീഷിനൊപ്പം താമസിക്കുന്ന അനിതയെ ഒഴിവാക്കാൻ വേണ്ടിയാണ് കൊല നടത്തിയതെന്ന് ഇരുവരും സമ്മതിച്ചു. ലൈംഗിക ബന്ധത്തിനിടെ പ്രബീഷ് യുവതിയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. ബോധരഹിതയായ അനിത മരിച്ചെന്ന് കരുതി പ്രബീഷും രജനിയും ചേർന്ന് യുവതിയെ കായലിൽ തള്ളി. കായലിൽ വീണതിന് ശേഷമാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.