ദുബായ്- യു.എ.ഇയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് വിദഗ്ധര്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നു. യുഎഇയിലെ താമസക്കാര്‍ക്കു പുറമേ വിദേശത്തുള്ളവര്‍ക്കും അപേക്ഷിക്കാം.
കുടുംബാംഗങ്ങളും ഇതിന്റെ പരിധിയില്‍ വരും. സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, ഐടി, നിര്‍മിതബുദ്ധി, ഡേറ്റ സയന്‍സ് മേഖലകളിലുള്ള ഒരുലക്ഷം പേര്‍ക്കാണ് അവസരങ്ങള്‍.
പാസ്‌പോര്‍ട്ട്, കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പകര്‍പ്പുകള്‍, അതത് മേഖലകളിലെ വൈദഗ്ധ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.
അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളില്‍നിന്നുള്ള അപേക്ഷകര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
ദുബായിലുള്ളവര്‍ താമസകുടിയേറ്റ വകുപ്പ് കാര്യാലയങ്ങള്‍ വഴി അപേക്ഷിക്കണം. അവിവാഹിത കുടുംബാംഗങ്ങളെയാണ് ആശ്രിത വിസക്ക് പരിഗണിക്കുക.
നിലവില്‍ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് അതു റദ്ദാക്കാതെ ഗോള്‍ഡന്‍ വിസ നേടാം. വിസ അപേക്ഷകനുള്ള നിരക്കു തന്നെയാണ് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും നല്‍കേണ്ടത്.
വൈദ്യ പരിശോധനാഫലവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇതാവശ്യമില്ല.