പട്ടാമ്പി- കറുകപ്പുത്തൂരിൽ പതിനെട്ടുകാരി ലൈംഗിക പീഡനത്തിനിരയായ കേസിൽ പട്ടാമ്പിയിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകനെ ചോദ്യം ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയനുസരിച്ചായിരുന്നു ചോദ്യം ചെയ്യൽ. പ്രതികളുടെ രാഷ്ട്രീയബന്ധം മൂലമാണ് ഏറെ നാൾ കേസിൽ അന്വേഷണം മുന്നോട്ടു പോകാതിരുന്നത് എന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. ലഹരിവസ്തുക്കൾക്ക് അടിമയാക്കി പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് എന്ന ഉണ്ണി, നൗഫൽ, അഭിലാഷ് എന്നിവരെ നേരത്തേ ചാലിേശ്ശരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പതിമൂന്നു പേർക്കെതിരേ കൂടി കുട്ടികളുടെ അമ്മ പരാതി നൽകിയിട്ടുണ്ട്. നേതാവിന്റെ മകനും ഇതിലുൾപ്പെടുന്നു. അന്വേഷണം നടന്നു വരികയാണ് എന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈ.എസ്.പി പി.എൻ.സുരേഷ്‌കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നാംപ്രതി അഭിലാഷിന്റെ ബന്ധുവാണ് ആരോപണവിധേയയായ വനിതാ നേതാവ്. ഇക്കഴിഞ്ഞ ജൂൺ എട്ടിന് പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ നിന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനിടയിൽ പിടിയിലായ ഒമ്പതംഗ സംഘത്തിൽ ഈ നേതാവിന്റെ മകനും പീഡനത്തിന് ഇരയായ കുട്ടിയും ഉണ്ടായിരുന്നു. എന്നാൽ സംഘത്തെ താക്കീത് നൽകി വിട്ടയക്കുകയാണ് പോലീസ് ചെയ്തത്. രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് കേസ് എടുക്കാതിരുന്നത് എന്നാണ് പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് പറയുന്നത്.
വിഷയം സി.പി.എമ്മും ഇടതുമുന്നണിയും രാഷ്ട്രീയമായി ഏറ്റെടുത്തിട്ടുണ്ട്. സ്ഥലം എം.എൽ.എ കൂടിയായ സ്പീക്കർ എം.ബി.രാജേഷ് ഇന്നലെ കുട്ടിയുടെ വീട്ടിലെത്തി. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കണമെന്ന് കുട്ടിയും അമ്മയും സ്പീക്കറോട് അഭ്യർത്ഥിച്ചു. തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സുഹ്‌റ, ജില്ലാ പഞ്ചായത്തംഗം അനു വിനോദ് എന്നിവരും സ്പീക്കർക്കൊപ്പമുണ്ടായിരുന്നു. ഞെട്ടിക്കുന്ന കാര്യങ്ങളാണ് കുട്ടി തങ്ങളോട് പറഞ്ഞത് എന്നും പരാതിക്കാർക്ക് നീതി ഉറപ്പുവരുത്താൻ ഉറച്ചു നിൽക്കുമെന്നും എം.ബി.രാജേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കറുകപ്പുത്തൂർ കേസിൽ കുറ്റവാളികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കോൺഗ്രസോ യു.ഡി.എഫോ ആരേയും സംരക്ഷിക്കാൻ ശ്രമിക്കുകയില്ലെന്നും ഡി.സി.സി വൈസ്പ്രസിഡന്റ് കെ.എസ്.ബി.എ തങ്ങൾ അറിയിച്ചു. അതേസമയം വ്യക്തമായ തെളിവുകളില്ലാതെ രാഷ്ട്രീയ നേതാക്കളെ അപമാനിക്കാൻ പോലീസ് തയ്യാറാകരുത് എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.