Sorry, you need to enable JavaScript to visit this website.

അംഗങ്ങൾ കൂടുതലുണ്ടെങ്കിലും ചാലിയാർ പഞ്ചായത്തിൽ  കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം അകലെ

നിലമ്പൂർ- ചാലിയാർ പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടെങ്കിലും പ്രസിഡന്റ് പദത്തിലേറാൻ കഴിയാതെ കോൺഗ്രസ്. വൈസ് പ്രസിഡന്റ സ്ഥാനവും കോൺഗ്രസിന് നഷ്ടമായേക്കും. യു.ഡി.എഫ് ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം മുസ്്‌ലിം ലീഗിന് കൈമാറാൻ ഇനി രണ്ടര മാസം മാത്രമാണുള്ളത്. ഉപതെരഞ്ഞെടുപ്പ് നടത്തി ഭരണം പിടിക്കാൻ കഴിയാതെ കോൺഗ്രസ്.
ചാലിയാർ പഞ്ചായത്തിൽ 14 അംഗ ഭരണസമിതിയിൽ എട്ടു അംഗങ്ങളുടെ പിന്തുണ യു.ഡി.എഫിനുണ്ടെങ്കിലും പ്രസിഡന്റ സ്ഥാനം സി.പി.എമ്മിനാണ്. പട്ടികവർഗ വിഭാഗത്തിനു പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്യപ്പെട്ട പഞ്ചായത്തിൽ യു.ഡി.എഫിന് ഈ വിഭാഗത്തിൽ പെട്ട അംഗങ്ങളില്ലാത്തതാണ് കാരണം. 14 അംഗ ഭരണസമിതിയിൽ കോൺഗ്രസ് ഏഴ്, ലീഗ് ഒന്ന്, സി.പി.എം ആറ് എന്നിങ്ങനെയാണ് കക്ഷി നില. മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലീം ലീഗിനുമാണ്. കോൺഗ്രസ് പട്ടികവർഗ വിഭാഗത്തിൽനിന്നു സ്ഥാനാർഥിയെ മത്സരിപ്പിക്കാതെ മുസ്്‌ലിം ലീഗ് സ്ഥാനാർഥിയെ സ്വതന്ത്രനാക്കി പിന്തുണച്ചെങ്കിലും ആനപ്പാറ വാർഡിൽ പരാജയപ്പെട്ടു. സുരക്ഷിതവാർഡിൽ പട്ടികവർഗ വിഭാഗത്തിൽനിന്നു സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ലീഗ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് തയാറായില്ല. ഇതേ തുടർന്നാണ് എട്ടു സീറ്റ് ലഭിച്ചിട്ടും യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.


മുസ്്‌ലീം ലീഗിലെ സുമയ്യ പൊന്നാംകടവനെ വൈസ് പ്രസിഡന്റാക്കണമെന്ന നിലപാടിൽ ലീഗ് പഞ്ചായത്ത് കമ്മിറ്റി ഉറച്ചു നിന്നു. പത്തു മാസം തങ്ങൾക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകണമെന്നും ഈ കാലയളവിനുള്ളിൽ മുട്ടിയേൽ, വാളംതോട്, പെരുവമ്പാടം വാർഡുകളിൽ ഒന്നിൽ നിന്നു നിലവിലെ അംഗത്തെ രാജിവെപ്പിച്ച് ഉപതെരഞ്ഞെടുപ്പിലൂടെ പട്ടികവർഗ വിഭാഗത്തിൽ നിന്നു ഒരാളെ വിജയിപ്പിക്കാമെന്നുമായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്. പി.കെ. ബഷീർ എം.എൽ.എയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയെ തുടർന്ന് ആദ്യ പത്തു മാസം കോൺഗ്രസിനു വൈസ് പ്രസിഡന്റ് സ്ഥാനം നൽകി. എന്നാൽ ഭരണ സമിതി നിലവിൽ വന്നു എട്ടു മാസം കഴിഞ്ഞിട്ടും ഒരംഗത്തെ രാജിവെപ്പിക്കാൻ കോൺഗ്രസ് മണ്ഡലം നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ നിലനിൽക്കുന്ന ഭിന്നതയും കോൺഗ്രസിലെ ഒരംഗം പോലും രാജിവെക്കാൻ തയാറാകാത്തതുമാണ് തടസ്സമാകുന്നത്. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനം വിട്ടു നൽകണമെന്ന ആവശ്യം മുസ്്‌ലിം ലീഗും ശക്തമാക്കി. കോൺഗ്രസിലെ ഗീതാദേവദാസാണ് നിലവിലെ വൈസ് പ്രസിഡന്റ്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണും മുസ്്‌ലീം ലീഗ് അംഗവുമായ സുമയ്യ പൊന്നാംകടവന് ഒക്ടോബറിൽ വൈസ് പ്രസിഡന്റ് സ്ഥാനം കൈമാറേണ്ടി വരും.

 

ഗീതാദേവദാസ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനത്തേക്കു മാറേണ്ടി വരും. 14 അംഗ ബോർഡിൽ ഏഴ് അംഗങ്ങൾ ഉണ്ടായിട്ടും പ്രധാന സ്ഥാനങ്ങൾ ഒന്നുമില്ലാത്ത അവസ്ഥയിലേക്കാണ് കോൺഗ്രസ് ഒതുങ്ങുന്നത്. മുട്ടിയേൽ, വാളംതോട്, വാർഡുകളിലെ ഒരംഗത്തെ രാജിവെവപ്പിക്കാനാണ് മണ്ഡലം നേതൃത്വത്തിനു താൽപര്യമെങ്കിലും ഈ രണ്ടംഗങ്ങളും രാജിവെക്കാൻ തയാറല്ലെന്ന സൂചനയാണുള്ളത്. പഞ്ചായത്തിലെ ഒന്നാം പാർട്ടിയായ കോൺഗ്രസിനു തന്നെയാണ് ആദിവാസി മേഖലയിലും സ്വാധീനമുള്ളത്. തുടർച്ചയായി കോൺഗ്രസ് 20 വർഷം ഭരിച്ച പഞ്ചായത്താണിത്. ഇതിൽ അഞ്ചു വർഷം കോൺഗ്രസ് ഒറ്റക്കാണ് ഭരിച്ചത്. എന്നാൽ നിലവിൽ കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന ഭിന്നതയാണ് ഭരണം പിടിക്കാൻ കഴിയാത്തതിനു പ്രധാന കാരണം. നിലവിലെ സാഹചര്യത്തിൽ ആറു അംഗങ്ങളുടെ മാത്രം പിന്തുണയുള്ള സി.പി.എം അഞ്ചു വർഷവും പ്രസിഡന്റ് സ്ഥാനം നിലനിർത്താനാണ് സാധ്യത.

Latest News