റിയാദ് - ഇരുപത്തിയഞ്ചും അതിൽ കൂടുതലും പ്രായമുള്ള വിദേശ വനിതകൾക്ക് ഒറ്റക്ക് സൗദി അറേബ്യ സന്ദർശിക്കുന്നതിന് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് വക്താവ് ഉമർ അൽമുബാറക് പറഞ്ഞു.
ഇരുപത്തിയഞ്ചിൽ കുറവ് പ്രായമുള്ള വനിതകൾക്ക് കുടുംബാംഗത്തിനൊപ്പമല്ലാതെ സൗദി സന്ദർശിക്കാൻ കഴിയില്ല. പരമാവധി മുപ്പതു ദിവസം വരെ കാലാവധിയുള്ള സിംഗിൾ എൻട്രി വിസയാണ് ടൂറിസ്റ്റുകൾക്ക് അനുവദിക്കുകയെന്നും ഉമർ അൽമുബാറക് പറഞ്ഞു. ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള പ്രഖ്യാപനം ഈ വർഷം ആദ്യ പാദത്തിലുണ്ടാകുമെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് അറിയിച്ചു.
ടൂറിസ്റ്റ് വിസക്കുള്ള നിയമാവലികൾ തയാറാക്കി. ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിനുള്ള ഇലക്ട്രോണിക് സിസ്റ്റം വിദേശ മന്ത്രാലയവുമായും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായും ഏകോപനം നടത്തി ടൂറിസം, ദേശീയ പൈതൃക വകുപ്പിലെ ഐ.ടി ഡിപ്പാർട്ട്മെന്റ് നിർമിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുന്നതിനും വിനോദ സഞ്ചാര, ദേശീയ പൈതൃക മേഖലകളിൽ പശ്ചാത്തല സൗകര്യങ്ങളും സേവനങ്ങളും നവീകരിക്കുന്നതിനും ടൂറിസ്റ്റ് വിസ സഹായിക്കും.
ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിന് ടൂറിസം, ദേശീയ പൈതൃക വകുപ്പിനെയും വിദേശ മന്ത്രാലയത്തെയും നാഷണൽ ഇൻഫർമേഷൻ സെന്ററിനെയും പരസ്പരം ബന്ധിപ്പിക്കും. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ദേശീയ പരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കുന്നത്.
2008-2010 കാലത്ത് സൗദി അറേബ്യ പരീക്ഷണാടിസ്ഥാനത്തിൽ ടൂറിസ്റ്റ് വിസകൾ അനുവദിച്ചിരുന്നു. അക്കാലത്ത് 32,000 ലേറെ വിദേശികൾ ടൂറിസ്റ്റ് വിസയിൽ സൗദി അറേബ്യ സന്ദർശിച്ചു. ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസൻസുള്ള ടൂർ ഓപ്പറേറ്റർമാർ വഴിയാണ് ഇവർക്ക് വിസകൾ അനുവദിച്ചത്. കൂടുതൽ വിപുലമായ രീതിയിൽ ടൂറിസ്റ്റ് വിസകൾ പുനരാരംഭിക്കാനാണ് ശ്രമം.