ദമാം - അവധിക്ക് നാട്ടിൽ പോയി ഏറെ കടമ്പകൾക്കു ശേഷം സൗദിയിൽ തിരിച്ചെത്തിയ നൂറുകണക്കിന് പ്രവാസികൾ നാട്ടിൽനിന്ന് സ്വീകരിച്ച വാക്‌സിൻ സർട്ടിഫിക്കറ്റ് തവക്കൽനാ ആപ്പിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയാതെ വലയുന്നു. നിലവിൽ വ്യക്തിഗത പോർട്ടലായ അൽമുഖീം വഴി രജിസ്റ്റർ ചെയ്ത് യാത്ര ചെയ്യാമെങ്കിലും രണ്ടു വാക്‌സിനുകളും സ്വീകരിച്ചു നാട്ടിൽനിന്നും വരുന്നവർക്ക് സൗദി അറേബ്യ നൽകുന്ന ക്വാറന്റൈൻ ഇളവുകൾ ഉപയോഗപ്പെടുത്താൻ കഴിയാതെ വീണ്ടും ക്വാറന്റൈനിൽ കഴിയേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. സൗദിയിൽ തിരിച്ചെത്തിയ പ്രവാസികളിൽ ഏറെ പേരും നേരിട്ട് വിമാനസർവീസ് ഇല്ലാത്തതിനാൽ അന്യരാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞവരാണെന്നതാണ് ഖേദകരം. ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഇവിടെ തിരിച്ചെത്തിയാൽ വാക്‌സിൻ സ്വീകരിച്ചുവെന്ന് തവക്കൽനാ പോർട്ടലിൽ രേഖപ്പെടുത്താത്തത് കാരണം ദൈനംദിന പ്രവർത്തങ്ങൾ, ജോലി, സന്ദർശനങ്ങൾ എന്നിവക്കെല്ലാം തടസ്സം നേരിടുകയാണ്. കൂടാതെ, കോവിഡ് നിയമലംഘനത്തിന്റെ പേരിൽ കേസിൽ കുടുങ്ങാനുള്ള സാധ്യതയും കാണുന്നു.
നിരവധി മാർഗനിർദേശങ്ങൾ അധികൃതർ നൽകുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമമാകുന്നില്ലെന്നും ഇക്കാര്യത്തിൽ ശാശ്വത പരിഹാരത്തിനായി ഇരു രാജ്യങ്ങൾ തമ്മിൽ നയതന്ത്രതല ഇടപെടൽ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഇന്ത്യയിൽനിന്ന് സൗദിയിലേക്കു യാത്ര ചെയ്യുന്ന പ്രവാസികൾക്ക് സൗദിയുടെ തവക്കൽനാ ആപ്പിൽ വാക്‌സിൻ സൾട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല. വാക്‌സിൻ സൾട്ടിഫിക്കറ്റുകൾ സൗദി എംബസി അറ്റസ്റ്റേഷൻ ചെയ്യണമെന്ന അറിയിപ്പാണ് അപേക്ഷകർക്ക് ലഭിക്കുന്നത്. വീണ്ടും തുടരെ തുടരെ ശ്രമിക്കുന്ന പലരുടേയും നിലവിലുള്ള ഓപ്ഷൻ തന്നെ ബ്ലോക്കാവുകയും ടോൾഫ്രീ നമ്പരായ 937 ൽ ബന്ധപ്പെടുക എന്ന അറിയിപ്പാണ് ലഭിക്കുന്നത്. മണിക്കൂറുകളോളം ഈ നമ്പറിൽ വിളിച്ച്, ഭാഗ്യവശാൽ ജീവനക്കാരെ ലഭിച്ചെങ്കിൽ തന്നെ ജവാസാത്തുമായി ബന്ധപ്പെടാനാണ് നിർദേശിക്കുന്നത്. എന്നാൽ ജവാസാത്തിൽ ഇതുവരെ ഇതിനായി ഒരു സംവിധാനവും വന്നിട്ടില്ലെന്നാണ് അറിയുന്നത്. നാട്ടിൽനിന്ന് തിരിക്കുന്നതിനു മുമ്പ് ഈ സംവിധാനങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്.
നാട്ടിൽനിന്നും തവക്കൽനാ പോർട്ടലിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ലഭിക്കുന്ന സന്ദേശം സർട്ടിഫിക്കറ്റുകൾ സൗദി എംബസിയോ കോൺസുലേറ്റോ സാക്ഷ്യപ്പെടുത്തണമെന്നാണ്. എന്നാൽ സംസ്ഥാന-കേന്ദ്രസർക്കാരുകളുടെ സർട്ടിഫിക്കറ്റിന് ഇത്തരം ഒരു അറ്റസ്റ്റേഷൻ ആവശ്യമില്ലെന്നാണു സൗദിയിലെ ഇന്ത്യൻ എംബസി അധികൃതരുടെ പക്ഷം. സാങ്കേതികത്വത്തിന്റെ പേരിൽ പ്രവാസികളുടെ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകുന്നുവെന്നതാണ് യാഥാർഥ്യം.
നാട്ടിൽനിന്ന് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ ഈ സാഹചര്യത്തിൽ സൗദിയിൽനിന്ന് വീണ്ടും വാക്‌സിൻ സ്വീകരിക്കാൻ കഴിയുമോ എന്നും ആലോചിക്കുന്നുണ്ട്. കാരണം ഇവിടെ നിന്നും വാക്‌സിൻ എടുത്താൽ ഇമ്യൂൻ എന്ന് രേഖപ്പെടുത്തിയ ഹെൽത്ത് പാസ്‌പോർട്ട് ലഭിക്കുമെന്നാണ് ഇവർ പറയുന്നു. അതിനുള്ള ആരോഗ്യകരമായ സാഹചര്യങ്ങളെ കുറിച്ച് ഡോക്ടർമാരുമായി ആശയ വിനിമയം നടത്തുകയാണ് ഇക്കൂട്ടർ. ദീർഘനാളായി നിലനിൽക്കുന്ന ഈ സാങ്കേതിക പ്രശ്‌നം ചർച്ചയിലൂടെ പരിഹരിച്ച് പ്രവാസികളുടെ സൗദി യാത്രക്കുള്ള ആശങ്കകൾക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ജീവകാരുണ്യ, സാമൂഹ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നു.