റിയോഡിജനീറോ- കോപ അമേരിക്ക കിരീടനേട്ടം ഇതിഹാസ താരം ഡീഗോ മറഡോണക്ക് സമർപ്പിച്ച് അർജന്റീന നായകൻ ലിയണൽ മെസി. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലാണ് മെസി കിരീടനേട്ടം മറഡോണയ്ക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും അർജന്റൈൻ ജനതയ്ക്കും മെസി സമർപ്പിച്ചു.
'ഈ കോപ്പ അമേരിക്ക വളരെ അവിശ്വസനീയമായ ഒരു ടൂർണമെന്റായിരുന്നു. ഒരുപാട് കാര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനുണ്ടെന്ന് അറിയാം. എന്നാലും ടീം അംഗങ്ങൾ എല്ലാവരും രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. അതിശയിപ്പിക്കുന്ന ഈ ടീമിന്റെ നായകനാകാനുള്ള ഭാഗ്യം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. മുന്നോട്ടുപോകാനായി എനിക്ക് എല്ലാ ചാലകശക്തിയും നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളിൽ വിശ്വാസമർപ്പിച്ച ഓരോരുത്തർക്കും ഈ മഹാമാരി കാലത്തും ഞങ്ങളെ ഹൃദയം കൊണ്ട് പിന്തുണച്ച 45 മില്യൺ അർജന്റൈൻ ജനതയ്ക്കും ഈ വിജയം ഞങ്ങൾ സമർപ്പിക്കുന്നു. ഒപ്പം, എവിടെയോ നിന്ന് ഞങ്ങളെ ഇപ്പോഴും പിന്തുണക്കുന്ന ഡീഗോക്കും ഈ വിജയം സമർപ്പിക്കുന്നു. ആഘോഷങ്ങൾ തുടരുന്നതിനോടൊപ്പം സ്വയം സംരക്ഷിക്കുന്നതും നമുക്ക് തുടരേണ്ടതുണ്ട്. സാധാരണ നിലയിലേക്ക് മടങ്ങാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന കാര്യം മറക്കരുത്. കോവിഡിനെതിരെ പോരാടുന്നതിൽ ഈ സന്തോഷം വലിയ ഊർജം നൽകും. എന്നെ ഒരു അർജന്റീനക്കാരനാക്കിയതിൽ ദൈവത്തിന് നന്ദി.' മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.