റിയാദ്- ഇന്ത്യക്കും സൗദിക്കുമിടയിൽ ടൂറിസം വികസന സാധ്യതകൾ ആരായുന്നതിന് വേണ്ടിയുള്ള വെബിനാർ നടത്തി. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യ ഗവൺമെന്റ്, സൗദി ടൂറിസം അഥോറിറ്റി, ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ, സൗദി ഇന്ത്യ-ബിസിനസ് നെറ്റ്‌വർക്ക് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ എംബസിയാണ് വെബിനാർ സംഘടിപ്പിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിലെ സാഹസിക ടൂറിസം, സാംസ്‌കാരിക ടൂറിസം, മെഡിക്കൽ, ആത്മീയ ടൂറിസം, വിവിധതരം ടൂറിസം അവസരങ്ങൾ സംബന്ധിച്ച് അംബാസിഡർ ഡോ. ഔസാഫ് സയീദ വിശദീകരിച്ചു. ഇന്ത്യൻ മെഡിക്കൽ ടൂറിസത്തിലെ അവസരങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള വിമാന യാത്ര ആരംഭിക്കുന്നത് സംബന്ധിച്ച് വീണ്ടും സൗദി അധികൃതരുമായി സംസാരിച്ചതായും അംബാസിഡർ വ്യക്തമാക്കി. കോവിഡ് സുരക്ഷ പ്രോട്ടോക്കോളുകൾ പാലിച്ച്, വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ഇന്ത്യയിയിൽനിന്നുള്ള യാത്രാവിലക്ക് ഘട്ടംഘട്ടമായി ലഘൂകരിക്കണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
ഡോ. അഗസ്റ്റസ് സൈമൺ, ജി. കമല വർധന റാവു ഐ.എ.എസ്, ഖാലിദ് അൽ അബൂദി, അശോക് സേഥി, അബ്ദുല്ല സൗദ് അൽ തുവൈരിജി, രവി ഗോസൈൻ തുടങ്ങിയവർ സംസാരിച്ചു.