കുട്ടികളുടെ സ്വഭാവത്തിൽ എന്തെങ്കിലും വ്യത്യാസം കണ്ടാൽ മനസ്സിലാക്കി വേണ്ടത് ചെയ്യുക. ഭാവിയുടെ വാഗ്ദാനങ്ങളും പ്രതീക്ഷയുമാണ് കുട്ടികൾ. ഇത്തരം ഗെയിമുകൾക്ക് മക്കൾ അടിമപ്പെടാൻ സാഹചര്യം ഉണ്ടാവാതിരിക്കാൻ കരുതലും ശ്രദ്ധയും അതീവ ജാഗ്രതയും ശക്തമായ ബോധവൽക്കരണവും നിരന്തരം നടത്തേണ്ടിയിരിക്കുന്നു.
ഓൺലൈൻ പഠനത്തിന് വേണ്ടി മൊബൈൽ ഫോൺ മകന്റെ കയ്യിൽ കൊടുത്ത് ജോലിക്ക് പോയി തിരിച്ചു വന്നപ്പോൾ കുട്ടിയുടെ ചേതനയറ്റ ശരീരമാണ് മാതാപിതാക്കൾ കാണുന്നത്. കട്ടപ്പനയിലെ ഒമ്പതാം ക്ലാസ്സുകാരനായ പതിനാലുകാരന്റെ അമ്മയുടെ തേങ്ങൽ കാണുമ്പോൾ സഹിക്കാനാവുന്നില്ല. 'ഇനി ഒരു കുട്ടിയും മരിക്കരുത്. കുട്ടികളുടെ ജീവനെടുക്കുന്ന ഇതിനൊരു തീരുമാനം ഉണ്ടാവണം' എന്ന ആ അമ്മയുടെ വാക്കുകൾ ആരുടെയും ഹൃദയം അലിയിപ്പിക്കും.
മൊബൈൽ ഫോൺ അമിതമായി റീചാർജ് ചെയ്തത് മനസ്സിലാക്കി സംശയം തോന്നിയ പിതാവ് മകനോട് ചോദിച്ചപ്പോൾ ഇനി ചെയ്യില്ലെന്ന് സമ്മതിച്ച കുട്ടിയാണ്. മാതാപിതാക്കൾ ശാസിക്കുന്നത് മക്കളെ മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയാണ്. ഒരു ഗെയിമിനു വേണ്ടി നഷ്ടപ്പെടുത്തി കളയാനുള്ളതല്ല ജീവനും ജീവിതവുമെന്നോർക്കണം.
'ഫ്രീ ഫയർ' എന്ന മൊബൈൽ ഗെയിം. നിരവധി കുട്ടികൾ ഇന്ന് ഇതിന് അടിമയാണ്. ഈ കോവിഡ് കാലവും ഓൺലൈൻ പഠനവും മൂലം വീടകങ്ങളിൽ തളച്ചിടപ്പെട്ട കുട്ടികൾ ഒരു കൗതുകത്തിനുവേണ്ടി തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് വഴി തെളിയിക്കുന്നത്. ഒരു രസത്തിനു വേണ്ടി തുടങ്ങി പിന്നീട് ഗെയിമുകളോടുള്ള അമിതമായ ആസക്തി മൂലം ഇതിൽനിന്നും കരകയറാനാവാത്തവിധം അടിമപ്പെട്ടു പോവുന്ന അവസ്ഥയിലേയ്ക്ക് ചില കുട്ടികൾ എത്തിച്ചേരുന്നു. ഇത്തരം ഗെയിമിനെക്കുറിച്ച് രക്ഷാകർത്താക്കൾക്ക് വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ടരീതിയിൽ ശ്രദ്ധിക്കാത്തതുമാണ് മരണക്കളികളാകുന്നതിനുള്ള പ്രധാന കാരണം. ഗെയിമിനടിമപ്പെട്ട നിരവധി കുട്ടികൾ ഇന്ന് ചികിൽസ തേടുകയാണ്. അവരുടേതായ വെർച്ച്വൽ ലോകത്ത് ഊണും ഉറക്കവുമില്ലാതെ കഴിച്ചു കൂട്ടുമ്പോൾ ഒരു മായാ പ്രപഞ്ചം സൃഷ്ടിക്കുകയാണവിടം.
ഫ്രീ ഫയർ പോലുള്ള ഗെയിം , കളിക്കാൻ എളുപ്പമായതിനാലും വേഗതയേറിയതിനാലും, സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും കുട്ടികൾ ഇത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്ന് തന്നെ അഡിക്റ്റ് ആകുകയും ചെയ്യുന്നു. ഇത് ഒരു സർവൈവൽ ഗെയിം ആണത്രെ. ഒരു ദ്വീപിലേയ്ക്ക് കുറച്ചുപേർ എത്തുന്നു. പരസ്പരം പോരടിക്കുന്നു. തോക്കുപയോഗിച്ച് വെടിവെയ്ക്കുന്നു. ഒരാൾ മാത്രം അവശേഷിയ്ക്കുന്നു. തികച്ചും അക്രമാസക്തമായ ഒരു ഗെയിം. മണിക്കൂറുകളോളം കളിച്ചു കൊണ്ടിരിക്കാം എന്നുള്ളതാണ് ഇത്തരം ഗെയിമുകളുടെ പ്രത്യേകത. അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കാൻ കഥാപാത്രങ്ങൾ, ആയുധങ്ങൾ എന്നിവ പോയന്റുകൾ നേടിയും പണം മുടക്കിയും വാങ്ങുന്നു. ഒരു ദിവസം 8 കോടി ആളുകൾ ഈ ഗെയിം കളിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
കളിക്കുന്ന എല്ലാവരും ഇതിന് അടിമയാവണമെന്നില്ല. എന്നാൽ കേരളത്തിൽ ഇന്ന് ഒരുപാട് കുട്ടികളെ ഇത് ബാധിക്കുന്നു. ഓൺ ലൈൻ പഠനത്തിന്റെ മറവിൽ കുട്ടികൾ ഈ ഗെയിമുകളിലേയ്ക്ക് പോവാതിരിക്കാൻ മാതാപിതാക്കളും വേണ്ടപ്പെട്ടവരും ശ്രദ്ധിക്കണം. നിരന്തരം ബോധവൽക്കരണം നടത്തണം. ഇത്തരം ഗെയിമുകളിലൂടെ അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് ചാറ്റുചെയ്യാൻ കഴിയുന്നു. ഇത് ഹാക്കർമാർക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ലഭിക്കാനുള്ള വഴിയൊരുക്കുന്നു.
യഥാർത്ഥ കഥാപാത്രങ്ങളെ പോലെ അപകടപ്പെട്ട് മരിക്കാൻ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോൾ കുട്ടികളുടെ മനസ്സും അതിനനുസരിച്ച് വൈകാരികമായി പ്രവർത്തിക്കുന്നു.
കളിയുടെ ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും വെർച്വൽ കറൻസി വാങ്ങാനും ആയുധങ്ങൾക്കും വസ്ത്രങ്ങൾക്കുമായി ഷോപ്പുചെയ്യാനും മറ്റു ചൂതാട്ട ഗെയിമുകൾ കളിക്കാനുള്ള പ്രേരണയും ഫ്രീ ഫയർ ഗെയിം കളിക്കുന്നവർക്ക് പ്രചോദനമാവുന്നു. ഏകാഗ്രത ആവശ്യമുള്ള ഏതൊരു സ്‌ക്രീൻ വർക്കിനെയും പോലെ ഫ്രീ ഫയർ ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ച ശക്തിയെ സാരമായി ബാധിക്കുന്നു. തലവേദനയും പഠനത്തിൽ പിന്നോക്കമാവുകയും, കളിക്കാൻ ഫോൺ കിട്ടിയില്ലെങ്കിൽ അക്രമാസക്തരാവുന്ന പ്രവണതയും കണ്ടുവരുന്നു.
അമ്മയുടെ ഫോണിൽനിന്നും ഫ്രീ ഫയർ ഗെയിം കളിച്ച് അമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്നും മൂന്നു ലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തിയ ഒമ്പതാം ക്ലാസ്സുകാരന്റെ വാർത്ത മീഡിയയിലൂടെ ഞെട്ടലോടെയാണ് പലരും അറിഞ്ഞത്. ഓരോ ദിവസവും 4000 രൂപ വീതമൊക്കെ തവണകളായി റീചാർജ് ചെയ്താണ് കുട്ടി ഇത്രയും നഷ്ടപ്പെടുത്തിയത്. അമ്മയുടെ പരാതിയിലുള്ള അന്വേഷണത്തെ തുടർന്നാണ് ഇതെല്ലാം പുറംലോകം അറിയുന്നത്. അതുപോലെ ഇതേ ഗെയിം കളിച്ച് ഒരു ലക്ഷത്തോളം അധ്യാപികയായ അമ്മയുടെ അക്കൗണ്ടിൽ നിന്നും നഷ്ടമാക്കിയ ഹൈസ്‌കൂൾ വിദ്യാർത്ഥി. 8 മാസം കൊണ്ടാത്രെ ഇത്രയും സംഖ്യ അക്കൗണ്ടിൽ നിന്നും നഷ്ടമായത്.
മക്കൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ജാഗ്രതയോടെ നിരീക്ഷിക്കുകയും സമയക്രമം നിയന്ത്രിക്കുകയും വേണം. അവരെ മറ്റു പലകാര്യങ്ങളിൽ വ്യാപൃതരാക്കാനും ആശയവിനിമയം നടത്താനും തമാശകൾ പറയാനും മാതാപിതാക്കൾ സമയം കണ്ടെത്തണം. തെറ്റുകണ്ടാൽ വാത്സല്യത്തോടെ തിരുത്തിക്കൊടുക്കാനും നന്മ കണ്ടാൽ പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കൾക്കാവണം. ഒരിടത്തു ചടഞ്ഞു കൂടി തോണ്ടു യന്ത്രത്തിൽ തോണ്ടിയും ടി.വിയുടെ മുന്നിലും ഇരിക്കുന്ന മാതാപിതാക്കൾ മക്കളുടെ കൂടെ ശുദ്ധവായു ശ്വസിച്ചും കായികവിനോദങ്ങളിൽ ഏർപ്പെട്ടും ശാരീരികവും മാനസികവുമായ ആരോഗ്യം നേടുക. മക്കൾക്ക് ഉന്മേഷവും ഊർജവും പകരാനും ഇത്തരം ഗെയിമുകളിൽ നിന്നു വിട്ടു നിൽക്കാനും പ്രകൃതിയെ അറിയാനും അതുപകരിക്കും. കുട്ടികളുടെ സ്വഭാവത്തിൽ എന്തെങ്കിലും വ്യത്യാസം കണ്ടാൽ മനസ്സിലാക്കി വേണ്ടത് ചെയ്യുക.
ഭാവിയുടെ വാഗ്ദാനങ്ങളും പ്രതീക്ഷയുമാണ് കുട്ടികൾ. ഇത്തരം ഗെയിമുകൾക്ക് മക്കൾ അടിമപ്പെടാൻ സാഹചര്യം ഉണ്ടാവാതിക്കാൻ കരുതലും ശ്രദ്ധയും അതീവ ജാഗ്രതയും ശക്തമായ ബോധവൽക്കരണവും നിരന്തരം നടത്തേണ്ടിയിരിക്കുന്നു.