തലശ്ശേരി- കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സലാഹുദ്ദീന്‍ വധക്കേസില്‍ പോലീസ് തിരയുന്ന പ്രതിക്ക് നാട്ടുകാരെയും ബന്ധുക്കളെയും സാക്ഷി നിര്‍ത്തി വിവാഹം. പ്രതി ഒളിവിലാണെന്ന് പോലീസ് നിരന്തരം വാദിക്കുന്നതിനിടെയാണ് കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ രണ്ട് നാള്‍ മുമ്പ് വിവാഹിതനായത.് കേസിലെ പ്രതിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ പാനൂര്‍ ചെണ്ടയാട്ടെ ശ്യാംജിത്തിന്റെ വിവാഹ ഫോട്ടോയാണ് ഇപ്പോള്‍ പോലീസിന്റെ കണ്‍മുന്നിലും വൈറലായിരിക്കുന്നത.്
സലാഹുദ്ധീന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാതെയാണ് പോലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിക്കായി പോലീസ് നിരന്തരം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലാന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതേ പ്രതി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്രത്തില്‍ വെച്ച് വിവാഹിതനാകുന്ന ചിത്രമാണിപ്പോള്‍ പുറത്ത് വന്നത.് കേസിലെ 12-ാം പ്രതിയാണ് ശ്യാംജിത്ത.്
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസായത് കാരണം കോടതിയുടെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നാണ് കണ്ണവം പോലീസ് ഇപ്പോള്‍ പറയുന്നത.് എന്നാല്‍ എന്തുകൊണ്ട് ഇത്രയും കാലം അറസ്റ്റ് ചെയ്തില്ലെന്ന ചോദ്യത്തിന് പ്രതിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന മറുപടിയാണ് പോലീസ് നല്‍കുന്നത.് കുറ്റപത്രം സമര്‍പ്പിച്ച നിലയില്‍ ഇനി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി വാറണ്ട് പുറപ്പെടുവിക്കണം.