മക്ക - ഹജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിശുദ്ധ ഹറമിലെ കിംഗ് അബ്ദുല്‍ അസീസ്, അല്‍ഉംറ, അല്‍ഫതഹ് കവാടങ്ങള്‍ തുറക്കാന്‍ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് നിര്‍ദേശം നല്കി. വിശുദ്ധ ഹറമിലെ ഏറ്റവും വലിയ കവാടമാണ് കിംഗ് അബ്ദുല്‍ അസീസ് ഗെയ്റ്റ്. അല്‍ഉംറ, അല്‍ഫതഹ് കവാടങ്ങളും ഹറമിലെ പ്രധാനപ്പെട്ട ഗെയ്റ്റുകളാണ്. വികസന ജോലികള്‍ക്കു വേണ്ടി താല്‍ക്കാലികമായി അടച്ച കവാടങ്ങള്‍ ഹറംകാര്യ വകുപ്പ് മേധാവി നിര്‍ദേശാനുസരണം ഹജ് തീര്‍ഥാടകരുടെ സൗകര്യം മുന്‍നിര്‍ത്തിയാണ് തുറന്നത്.
മതാഫ് വികസന ഭാഗത്തെ പുതിയ തൂക്കുവിളക്ക് പദ്ധതിയും ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് ഇന്നലെ ഉദ്ഘാടനം ചെയ്തു. ആകെ 245 തൂക്കുവിളക്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 114 എണ്ണം അടിയിലെ നിലയിലും എട്ടെണ്ണം ഒന്നാം നിലയിലും 128 എണ്ണം ഒന്നാം നിലയുടെ ഇടനിലയിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി ഉപയോഗം കുറഞ്ഞ എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ച തൂക്കുവിളക്കുകളാണ് മതാഫ് വികസന ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നതെന്ന് ഹറംകാര്യ വകുപ്പില്‍ പദ്ധതികാര്യ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ സുല്‍ത്താന്‍ അല്‍ഖുറശി പറഞ്ഞു.