നിയോം സിറ്റി - ഇറ്റലിയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയ യൂറോ കപ്പ് ഫൈനല്‍ മത്സരം ഒരുമിച്ച് വീക്ഷിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖും. സൗദി, ഒമാന്‍ ഭരണാധികാരികള്‍ തമ്മിലെ ശക്തമായ സാഹോദര്യ, സൗഹൃദ ബന്ധത്തിന്റെ നിദര്‍ശനമായി, സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോം സിറ്റിയില്‍ വെച്ചാണ് ഇരു നേതാക്കളും യൂറോ കപ്പ് ഫൈനല്‍ വീക്ഷിച്ചത്. 2020 ജനുവരി 11 ന് ഒമാന്‍ ഭരണാധികാരിയായി അധികാരമേറ്റ ശേഷം സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് നടത്തുന്ന പ്രഥമ വിദേശ സന്ദര്‍ശനമാണിത്. ആദ്യ വിദേശ സന്ദര്‍ശനത്തിന് സൗദി അറേബ്യയെ ഒമാന്‍ സുല്‍ത്താന്‍ തെരഞ്ഞെടുത്തതും സര്‍വ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധമാണ് വിളിച്ചോതുന്നത്.
നിയോം സിറ്റിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും പദ്ധതി പുരോഗതിയും പ്രദര്‍ശിപ്പിക്കുന്ന നിയോം സെന്റര്‍ ഫോര്‍ നോളെജ് എന്റിച്ച്‌മെന്റും സൗദി കിരീടാവകാശിക്കൊപ്പം ഒമാന്‍ സുല്‍ത്താന്‍ സന്ദര്‍ശിച്ചു. നിയോം സിറ്റി പദ്ധതി വിശദാംശങ്ങളും പദ്ധതി പ്രദേശത്തെ സാമ്പത്തിക, നിക്ഷേപ, വിനോദ സഞ്ചാര പദ്ധതികളും അല്‍ഉല, അല്‍ഖിദിയ, ആമാലാ, റെഡ്‌സീ അടക്കം സൗദിയില്‍ നടപ്പാക്കുന്ന വന്‍കിട പദ്ധതികളുടെ പുരോഗതികളും സെന്റര്‍ നടന്നുകണ്ട ഒമാന്‍ സുല്‍ത്താന്‍ വീക്ഷിച്ചു. സന്ദര്‍ശനാന്ത്യത്തില്‍ സെന്റര്‍ രജിസ്റ്ററില്‍ കുറിച്ച വരികളില്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി നിയോം സിറ്റി പദ്ധതി നടപ്പാക്കാന്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് പ്രശംസിക്കുകയും ആഗോള തലത്തില്‍ പ്രധാനപ്പെട്ട സാമ്പത്തിക മേഖലയായി നിയോം സിറ്റിയെ പരിവര്‍ത്തിപ്പിക്കാന്‍ സൗദി ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വിജയം ആശംസിക്കുകയും ചെയ്തു.