ദുബായ്- ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്ര നിരോധനം നീട്ടി എമിറേറ്റ്‌സ്. ജൂലൈ 21 വരെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസുണ്ടാകില്ലെന്ന് കമ്പനി വെബ്‌സൈറ്റില്‍ അറിയിച്ചു. പാക്കിസ്ഥാാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുമുള്ള വിലക്കും ജൂലൈ 21വരെ നീട്ടി. ഇരു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വിമാന യാത്ര ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് എമിറേറ്റ്‌സിന്റെ പുതിയ അറിയിപ്പ്. യുഎഇ പൗരന്‍മാര്‍, യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇളവ് അനുവദിക്കും. കഴിഞ്ഞ ഏപ്രില്‍ 24നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. മെയ് 13 ന് വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു യുഎഇ. ചില ഇന്ത്യക്കാര്‍ മറ്റു രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് എത്തിയിരുന്നു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള യാത്രയും യുഎഇ റദ്ദാക്കിയതോടെ ഈ വഴികള്‍ പ്രവാസികള്‍ക്ക് മുമ്പില്‍ അടഞ്ഞു.