കൊല്ലം- സമൂഹമാധ്യമത്തിലെ വിവാദമായ പോസ്റ്റ് പിന്‍വലിച്ച് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. ദുഃഖങ്ങള്‍ മറച്ചുവച്ചു ചിരിക്കാന്‍ ശ്രമിക്കുന്നയാളാണ് താനെന്നും സുഹൃത്തുകള്‍ തെറ്റു ചൂണ്ടിക്കാട്ടിയപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചെന്നുമാണ് വിശദീകരണം. വണ്ടിപ്പെരിയാറിലെ കുട്ടിയുടെ വീട് സന്ദര്‍ശിച്ചതായും കഴിയാവുന്നത്ര സഹായം ചെയ്യുമെന്നും ഷാഹിദ പറഞ്ഞു.
വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ വീട് സന്ദര്‍ശിക്കാന്‍ ഇടുക്കിയിലേക്ക് വരുന്നു എന്ന് ഷാഹിദ പോസ്റ്റിട്ടതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു. 'ഇടുക്കി വണ്ടിപെരിയാറിലേക്കുള്ള യാത്രയില്‍' എന്നായിരുന്നു ഷാഹിദാ കമാല്‍ സമൂഹമാധ്യമത്തില്‍ എഴുതിയത്. വിനോദ യാത്ര പോകുന്നതുപോലെ കാറിനുള്ളില്‍ ഇരുന്ന് ചിരിച്ച സെല്‍ഫി അടക്കമായിരുന്നു കമ്മിഷന്‍ അംഗത്തിന്റെ പോസ്റ്റ് എന്നായിരുന്നു വിമര്‍ശനം.
വി.ടി ബല്‍റാം, കെ.എസ്. ശബരീനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടുകാരെ അപമാനിക്കുംവിധമാണ് പോസ്റ്റ് എന്നു അവര്‍ ചൂണ്ടിക്കാട്ടി.