റിയാദ് - ടാക്‌സി ഡ്രൈവർമാരായി വനിതകളെ നിയമിക്കുന്നതിന് ഓൺലൈൻ ടാക്‌സി കമ്പനികളായ യൂബറിനും കരീമിനും പദ്ധതി. ജൂണിൽ വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി നിലവിൽ വരുന്നതോടെ വനിതകളെ ടാക്‌സി ഡ്രൈവർമാരായി നിയമിക്കുന്നതിനാണ് നീക്കം. യൂബർ യാത്രക്കാരിൽ 80 ശതമാനവും കരീം ടാക്‌സി കമ്പനി ഉപയോക്താക്കളിൽ 70 ശതമാനവും വനിതകളാണ്. നിലവിൽ ഇരു കമ്പനികളിലെയും മുഴുവൻ ഡ്രൈവർമാരും പുരുഷന്മാരാണ്. ഇവരിൽ ഭൂരിഭാഗവും സൗദികളാണ്.
വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകുന്നതിനുള്ള തീരുമാനം പുറത്തുവന്നതിനു പിന്നാലെ വിദേശ രാജ്യങ്ങളുടെ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസുള്ള വനിതകളെ ലക്ഷ്യമിട്ട് ഇരു കമ്പനികളും റിയാദിലും ജിദ്ദയിലും അൽകോബാറിലും പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ടാക്‌സി ഡ്രൈവർമാരായി ജോലി ചെയ്യുന്നതിന് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വനിതകളിൽനിന്ന് അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് കരീം ടാക്‌സി കമ്പനി സൗദി സി.ഇ.ഒ അബ്ദുല്ല ഇൽയാസ് പറഞ്ഞു. 10,000 സൗദി വനിതകളെ ടാക്‌സി ഡ്രൈവർമാരായി നിയമിക്കുന്നതിനാണ് കരീം കമ്പനി പദ്ധതിയിടുന്നത്.