കോഴിക്കോട് - ഇന്ത്യൻ നാഷണൽ ലീഗിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മുസ്ലിം ലീഗിന്റെ രാജ്യസഭാംഗം മൂന്നു ലക്ഷം രൂപ സംഭാവന നൽകിയത് സംബന്ധിച്ച് വിവാദം കനക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ലീഗുമായി തെറ്റിപ്പിരിഞ്ഞ് രൂപീകരിച്ച ഇന്ത്യൻ നാഷണൽ ലീഗിനാണ് മുസ്ലീം ലീഗ് എം.പി മൂന്നു ലക്ഷം രൂപ നൽകിയത്. ഐ.എൻ.എൽ മുൻ ജില്ലാ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഓഡിയോ ടേപ്പ് പുറത്തുവിട്ടത്. കോഴിക്കോട് സൗത്തിൽ മത്സരിച്ച അഹമ്മദ് ദേവർകോവിലിന്റ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലീഗ് എം.പിയിൽനിന്നു മൂന്നു ലക്ഷം രൂപ വാങ്ങിയെന്നാണ് സെക്രട്ടറിയുടെ പരാമർശം. ലീഗ് നേതാക്കളും അഹമ്മദ് ദേവർകോവിലും തമ്മിൽ അന്തർധാര സജീവമാണെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ശക്തമാണ്.
അതേസമയം, ശബ്ദരേഖ പുറത്തുവിട്ടയാളെ പാർട്ടിയിൽനിന്നു സസ്‌പെൻഡ് ചെയ്‌തെന്ന് ഐ.എൻ.എൽ നേതൃത്വം വ്യക്തമാക്കി.
കാൽനൂറ്റാണ്ടിന് ശേഷം മുസ്്‌ലിം ലീഗ് ഒരു വനിത സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച മണ്ഡലമായിരുന്നു കോഴിക്കോട് സൗത്ത്. അവിടെയുള്ള സ്ഥാനാർത്ഥിയുടെ എതിരാളിക്കാണ് ലീഗ് എം.പി മൂന്നു ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി നൽകിയത്. അതേസമയം, വ്യവസായി എന്ന നിലയിലാണ് സംഭാവന നൽകിയത് എന്ന വിശദീകരണമാണ് ലീഗ് കേന്ദ്രങ്ങൾ നൽകുന്നത്.