Sorry, you need to enable JavaScript to visit this website.

മെസ്സി ഫൈനല്‍ കളിച്ചത് പരിക്കുമായി; കോച്ചിന്റെ വെളിപ്പെടുത്തല്‍

ലോകമൊട്ടാകെയുള്ള അര്‍ജന്റൈന്‍ ആരാധാകരെ ആഹ്ലാദത്തിന്റെ കൊടുമുടിയിലെത്തിച്ച ക്യാപ്റ്റനും ഇതിഹാസ താരവുമായ ലിയോനല്‍ മെസ്സി കോപ്പ അമേരിക്ക ഫൈനലും സെമിഫൈനലും കളിച്ചത് പരിക്കുമായാണെന്ന് കോച്ച് ലിയോനല്‍ സ്‌കലോനിയുടെ വെളിപ്പെടുത്തല്‍. മൂന്ന് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ രാജ്യത്തിന് മെസ്സി ഒരു അന്താരാഷ്ട്ര ടൈറ്റില്‍ നേടിക്കൊടുത്തതിനു പിന്നാലെയാണ് കോച്ചിന്റെ തുറന്നു പറച്ചില്‍. മെസ്സിയുടെ പരിക്ക് എന്താണെന്ന് അദ്ദേഹം പറഞ്ഞില്ല. സെമിയില്‍ കൊളംബിയക്കെതിരെ മെസ്സിയുടെ കണങ്കാലിലെ പരിക്ക് പുറത്ത് കണ്ടിരുന്നു. കണങ്കാലില്‍ നീര്‍കെട്ടിയതും രക്തക്കറയും വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഈ പരിക്കുമായാണ് മെസ്സി ഫൈനലിലും കളിച്ചതെന്നാണ് സൂചന. കോപ്പ അമേരിക്കയില്‍  അദ്ദേഹം എങ്ങനെയാണ് കളിച്ചത് എന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നിങ്ങള്‍ ഇതിലുമേറെ ഇഷ്ടപ്പെടും. ഈ കളിയിലും മുമ്പത്തെ കളിയിലും പോലെ പൂര്‍ണമായി ഫിറ്റ് ആയിരുന്നില്ലെങ്കില്‍ പോലും അദ്ദേഹത്തെ പോലെ ഒരു കളിക്കാരനില്ലാതെ ജയിക്കുമായിരുന്നില്ല-സ്‌കലോനി മാധ്യമങ്ങളോട് പറഞ്ഞു. അവസാനം വരെ തോറ്റുപിന്മാറാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഒടുവില്‍ വിജയിക്കുകയും ചെയ്തു. എക്കാലത്തേയും മികച്ച ഫുട്‌ബോളറാണ് അദ്ദേഹം. ദേശീയ ടീമിനു വേണ്ടിയുള്ള ഈ ജയം അദ്ദേഹത്തിന് എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. തനിക്ക് ഒരു കോച്ച്-കളിക്കാരന്‍ എന്ന നിലയ്ക്കുള്ള ബന്ധമല്ല മെസ്സിയുമായുള്ളതെന്നും അതിലേറെ അടുപ്പം ഞങ്ങള്‍ തമ്മിലുണ്ടെന്നും സ്‌കലോനി പറഞ്ഞു. 2018ല്‍ സ്‌പെയ്‌നില്‍ നടന്ന അണ്ടര്‍20 ഫു്ട്‌ബോളില്‍ ഇന്ത്യയോട് 2-1ന് പരാജയപ്പെട്ട അര്‍ജന്റീന അണ്ടര്‍ 20 ടീമിന്റെ കോച്ചായിരുന്നു സ്‌കലോനി.

ആറു തവണ ഫിഫ പ്ലെയര്‍ ഓഫ് ദ് ഇയര്‍ പുരസ്‌ക്കാരങ്ങളും ബാഴ്‌സിലോന താരമായി നിരവധി ക്ലബ്, വ്യക്തിഗത ബഹുമതികളും സ്വന്തമാക്കിയിരുന്നെങ്കിലും മെസ്സിക്ക് സ്വന്തം ദേശീയ ടീമായ അര്‍ജന്റീനയ്ക്കു വേണ്ടി നാലു ഫൈനലുകളിലും തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. 2016ലെ കോപ അമേരിക്കയില്‍ ചിലെയോട് പരാജയപ്പെട്ടതില്‍ കടുത്ത നിരാശനായ മെസ്സി വിരമിക്കല്‍ പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാല്‍ ഒന്നു തണുത്തതോടെ ആഴ്ചകള്‍ക്കു ശേഷം മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍ തിരിച്ചെത്തുകയും ചെയ്തു.
 

Latest News