കൊല്ലം- പ്രസവിച്ചയുടന്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മ 4 മാസമായി ഫേസ്ബുക്ക് മെസഞ്ചര്‍ വഴി ചാറ്റ് ചെയ്തിരുന്ന യുവാവ് ഇപ്പോള്‍ ജയിലില്‍. ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗവുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ജയിലിലാകുന്നതിനു മുന്‍പു വരെ ബിലാല്‍ എന്ന പേരിലാണു രേഷ്മയുമായി യുവാവ് ചാറ്റ് ചെയ്തിരുന്നത്. പിന്നീട് ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബന്ധുക്കളായ യുവതികളാണു വ്യാജ പേരില്‍ രേഷ്മയുമായി ചാറ്റു ചെയ്തിരുന്നതെന്നു പോലീസ് നേരത്തേ വ്യക്തമാക്കിയതിനു പിന്നാലെ യുവാവു കൂടി ചിത്രത്തിലേക്കു വന്നതോടെ സംഭവത്തില്‍ ദുരൂഹതയുമേറി. കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനില്‍ രാധാകൃഷ്ണ പിള്ളയുടെ മകള്‍ ഗ്രീഷ്മ (ശ്രുതി22) എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചതിനെത്തുടര്‍ന്ന് ആറ്റി!ല്‍ മരിച്ച നിലയി!ല്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം അട്ടക്കുളങ്ങര വനിതാ ജയില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു. ഇതു ബിലാല്‍ എന്ന പേരുള്ള ഫെയ്‌സ്ബുക് സുഹൃത്താണെന്നു രേഷ്മ മൊഴി നല്‍കി. എന്നാല്‍ ഇയാളുടെ യഥാര്‍ഥ പേര് അനന്തു പ്രസാദ് എന്നാണെന്നും ഇയാള്‍ വര്‍ക്കല സ്വദേശിയാണെന്നും പോലീസ് പറഞ്ഞു.
ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവര്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ ആള്‍മാറാട്ടം നടത്തിയ അനന്തു എന്ന സാങ്കല്‍പിക കാമുകനുമായി അടുപ്പം പുലര്‍ത്തുമ്പോള്‍ തന്നെ അനന്തു പ്രസാദുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നതായി പോലീസ് പറയുന്നു. ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നു രേഷ്മ മൊഴി നല്‍കിയിട്ടുണ്ട്. രേഷ്മ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍പാണ് അനന്തു പ്രസാദ് അറസ്റ്റിലായത്