റിയോഡീജനീറോ - ആരാധകര്‍ കാത്തിരുന്ന സ്വപ്ന ഫൈനലില്‍ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീന കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്മാരായി. ഇരുപത്തിരണ്ടാം മിനിറ്റില്‍ എയിംഗല്‍ ഡി മരിയയാണ് ഫൈനലിലെ ഏക ഗോളടിച്ചത്. ഫൈനലില്‍ ഗോളടിക്കാനായില്ലെങ്കിലും കിരീടം ലിയണല്‍ മെസ്സിക്ക് ശാപമോക്ഷമായി. ലോകകപ്പിലും കോപയിലുമായി നാലു തവണ ഫൈനല്‍ തോറ്റ മെസ്സി ആദ്യമായി നീലക്കുപ്പായത്തില്‍ നേടുന്ന കിരീടമാണ് ഇത്. ബ്രസീലാണ് നിലവിലെ ചാമ്പ്യന്മാര്‍. 1993 ലെ കോപ അമേരിക്കക്കു ശേഷം അര്‍ജന്റീന നേടുന്ന ആദ്യ കിരീടം കൂടിയാണ് ഇത്.
റോഡ്രിഗൊ ദെ പോളും ഡി മരിയയും ചേര്‍ന്നുള്ള മനോഹരമായ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഹാഫ് ലൈനിനപ്പുറത്തുനിന്ന് റോഡ്രിഗൊ ഉയര്‍ത്തിയ പന്ത് അറച്ചുനിന്ന ബ്രസീല്‍ പ്രതിരോധത്തെയും കടന്ന് ഗോളി എഡേഴ്‌സന്റെ തലക്കു മുകളിലൂടെ വലയിലേക്കുയര്‍ത്തുകയായിരുന്നു. കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ മെസ്സി തുറന്ന അവസരം പാഴാക്കിയിരുന്നു.
അതോടെ ബ്രസീല്‍ മറുപടി ഗോളിനായി ഇരമ്പിക്കയറി. അര്‍ജന്റീനാ പ്രതിരോധം ഉറച്ചുനിന്നു. നിരന്തര ഫൗളുകള്‍ കളിയുടെ നിറം കെടുത്തി. രണ്ടാം പകുതി പൂര്‍ണമായും ബ്രസീലിനായിരുന്നു. പകരക്കാരനായിറങ്ങിയ ഗാബി ബോക്‌സില്‍ നിന്നടിച്ച ഷോട്ട് ഗോളി മാര്‍ടിനേസ് കുത്തിയുയര്‍ത്തി. തൊട്ടുടനെ മെസ്സിക്കും അവസരം കിട്ടി. പ്രത്യാക്രമണത്തില്‍ ബോക്‌സില്‍ കയറിയ മെസ്സിക്ക് മുന്നില്‍ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അസാധാരണമാം വിധം മെസ്സി അറച്ചുനില്‍ക്കുകയും ഗോളി പന്ത് റാഞ്ചുകയും ചെയ്തു.
രണ്ടാം പകുതിയില്‍ റോബര്‍ടൊ ഫിര്‍മിനോയെയും വിനിഷ്യസ് ജൂനിയറിനെയും ഗാബിയെയുമൊക്കെ ഇറക്കി ബ്രസീല്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും അര്‍ജന്റീന ഉറച്ചുനിന്നു. പ്രതിരോധം മറന്ന് ബ്രസീല്‍ ആക്രമിച്ചതോടെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനക്ക് മറ്റൊരു തുറന്ന അവസരവും ലഭിച്ചിരുന്നു.