ജിദ്ദ- ഹൗസ് ഡ്രൈവർമാരുടെ കഫാല ജവാസാത്തിന്റെ ഓൺലൈൻ സർവീസായ അബ്ഷിർ പോർട്ടൽ വഴി മാറ്റാൻ കഴിയില്ലെന്ന് സ്ഥിരീകരണം. ഇതുസംബന്ധിച്ച ചോദ്യത്തിന് ജവാസാത് ഡിപ്പാർട്ട്‌മെന്റ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കി. ഹൗസ് ഡ്രൈവറുടെ കഫാല മാറുന്നതിന് നിലവിലുള്ള സ്‌പോൺസറും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന സ്‌പോൺസറും ഒരേ സമയം ജവാസാത്ത് ഓഫീസിനെ സമീപിക്കണം. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മുമ്പാകെ കഫാല മാറുന്നതിന് വിരോധമില്ലെന്ന് നിലവിലുള്ള സ്‌പോൺസറും ഏറ്റെടുത്തതായി പുതിയ സ്‌പോൺസറും ഒപ്പു രേഖപ്പെടുത്തണം. എങ്കിൽ മാത്രമേ ഹൗസ് ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന വിദേശിയുടെ കഫാല മാറാനാകൂവെന്നും അധികൃതർ വ്യക്തമാക്കി.