തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുടെ ചിലവ് പാർട്ടി വഹിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഓഖി ദുരിതാശ്വാസ ഫണ്ടിൽനിന്ന് ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് മന്ത്രി എ.കെ ബാലൻ വ്യക്തമാക്കി. ഹെലികോപ്റ്റർ ചെലവ് സർക്കാറിന്റെ പൊതുഭരണ ഫണ്ടിൽനിന്ന് ചെലവിടും. ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് പാർട്ടി പിരിച്ചെടുത്ത് നൽകിയ അഞ്ചു കോടി ദുരിതാശ്വാസഫണ്ടിലുണ്ടെന്നും ബാലൻ പറഞ്ഞു. ഹെലികോപ്റ്റർ ചെലവ് വഹിക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്ന് നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹെലികോപ്റ്റർ ചെലവ് പാർട്ടി വഹിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ ചെലവ് ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയുമ്പോ ൾ, പാർട്ടി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം ചെലവിട്ട് ഹെലികോപ്റ്റർ യാത്ര നടത്തിയ മുഖ്യമന്ത്രിയുടെ നടപടി പാർട്ടിയെയും സർക്കാരിനെയും വെട്ടിലാക്കിയിരുന്നു.
വിവാദം പാർട്ടിയെയും സർക്കാറിനെയും ഒരുപോലെ നാണം കെടുത്തിയെന്നാണ് പൊതു വികാരം. പാർട്ടിയിലെ ഒരു വിഭാഗത്തിനും ഇതേ അഭിപ്രായമാണ്. ഇതോടെ പാർട്ടി സമ്മേളനങ്ങളിൽ അടക്കം പിണറായിയുടെ നിലപാടിനെതിരെ വിമർശനമുയരുമെന്നാണ് സൂചന. പൊതു ഖജനാവിൽ നിന്ന് പണം ചെലവാക്കുന്ന കാര്യത്തിൽ ഭിന്നമായ അഭിപ്രായങ്ങൾ സെക്രട്ടറിയേറ്റിൽ വന്നെങ്കിലും ചെലവ് പാർട്ടി വഹിക്കുന്നത് കൂടുതൽ വിമർശനത്തിന് ഇടയാക്കുമെന്നായിരുന്നു പൊതുവികാരം. സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്ത് വേണ്ടത് ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം, സംഭവത്തിൽ ഡി.ജി.പിയുടെയും റവന്യൂവകുപ്പിന്റെയും വിമാനക്കമ്പനിയുടെയും വിശദീകരണവും പരസ്പര വിരുദ്ധമാണ്. ഡി.ജി.പിയാണ് ഹെലികോപ്റ്റർ ഏർ പ്പാട് ചെയ്തതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. എന്നാൽ ഇത് തെറ്റാ ണെന്നും സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നുമാണ് ബെഹ്‌റയുടെ നിലപാട്. ഹെലികോപ്ടർ വാടകക്കെയ്ടുത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പൊലീസ് മേധാവി കൂടി ഒഴിഞ്ഞ് മാറിയത് സർക്കാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഓഖിദുരന്ത ബാധിതർക്കുള്ള ഫണ്ടിൽ നിന്ന് ആകാശയാത്രക്ക് പണമെടുക്കാനുള്ള സർക്കാറിന് നാണക്കേടായെന്നു റവന്യൂവകുപ്പും വിലയിരുത്തുന്നു. അതിനാൽ പരിശോധിച്ച ശേഷം വീഴ്ചയെങ്കിൽ നടപടിയെടുക്കാനാണ് ആലോചന. ഉത്തരവിൽ വീഴ്ചയുള്ളതിനാലാണ് അറിഞ്ഞ നിമിഷം തന്നെ റദ്ദാക്കിയതെന്നു മുഖ്യമന്ത്രിയുടെ ഓഫീസും വിശദീകരിക്കുന്നു. എന്നാൽ ഉത്തരവ് സംബന്ധിച്ച് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദവും തെറ്റാണെ ന്ന് തെളിഞ്ഞു. ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഹെലികോപ്ടറിൽ വന്നത് ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാനായതിനാലാണ് ദുരന്തനിവാരണ ഫണ്ടുപയോഗിക്കാൻ നിർദേശിച്ചതെന്നാണ് റവന്യു വകുപ്പിന്റെ വിശദീകരണം.
ഇതേ ചൊല്ലി റവന്യൂമന്ത്രിയും റവന്യൂ സെക്രട്ടറിയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. സെക്രട്ടറിയോട് വിശദീകരണം ചോദിച്ചെന്ന് മന്ത്രിയും ഇതേപ്പറ്റി അറി യില്ലെന്ന് ക്ഷുഭിതനായി സെക്രട്ടറിയും പ്രതികരിച്ചു. പണം നൽകാൻ ഉത്തരവിറ ക്കിയ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നടപടി സർക്കാറിന് അവമതിപ്പുണ്ടാക്കി എന്നാണ് മന്ത്രിയുടെ വാദം. താനറിയാതെ ഉത്തരവിറക്കിയ തിന് കാരണം വിശദീകരിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. വിഷയത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കുര്യനും ചർച്ച നടത്തി. മുൻ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം പറഞ്ഞിട്ടാണ് ഫണ്ട് കൈമാറിയതെന്നാണ് കുര്യൻ കാനത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന. സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം തിരുവനന്തപുരത്തേക്ക് വരികയും പിന്നീട് തിരച്ചു പോകുകയും ചെയ്തതിന് ചെലവായ തുക ദുരിതാശ്വാസ നിധിയിൽ നിന്ന് ചെലവാക്കാനുള്ള ഉത്തരവ് വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഉത്തരവിൽ പിശകുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിൻവലിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.
അതേസമയം മുഖ്യമന്ത്രിയുടെ യാത്രാപരിപാടികൾ ക്രമീകരിക്കുന്നതിലും ജാഗ്ര തയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രിയുടെ ഓഫീസിന് ഗുരുതര പാളിച്ചയുണ്ടായെന്ന വിമർശനവും ഉയരുന്നുണ്ട്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ജില്ലാ സമ്മേളനങ്ങളിൽ ആവർത്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് 3000 രൂപയ്ക്ക് ട്രയിനി ൽ തൃശൂരിൽ നിന്ന് തിരുവനന്തപുരത്തെത്താവുന്ന യാത്രക്ക് ഹെലികോപ്ടറിൽ കയറി മുഖ്യമന്ത്രി എട്ട് ലക്ഷം രൂപ ചെലവാക്കിയത്. ആരോഗ്യ മന്ത്രിയുടെ ധൂർത്ത് വിമർശന വിധേയമാകുമ്പോഴാണ് മുഖ്യമന്ത്രി തന്നെ ഇത്തരമൊരു അബദ്ധത്തിൽ ചാടിയതെന്നതാണ് ശ്രദ്ധേയം.