ന്യൂദൽഹി- എസ്.എന്‍.സി ലാവ് ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പേർക്ക് സുപ്രീം കോടതി നോട്ടീസയച്ചു. പിണറായിക്ക് പുറമെ കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട എ.ഫ്രാൻസിസ്, മോഹന ചന്ദ്രൻ എന്നിവർക്കാണ് നോട്ടീസ്.
മൂവരേയും കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെസി.ബി.ഐയാണ് അപ്പീൽ നൽകിയത്. ഇവർക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സി.ബി.ഐ. വാദം. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി. മുൻ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യർ, ആർ. ശിവദാസൻ, കെ.ജി. രാജശേഖരൻ നായർ എന്നിവരുടെ അപ്പീലുകളും പരിഗണിച്ച കോടതി ഇവരുടെ വിചാരണ സ്റ്റേ ചെയ്യാനും ഉത്തരവിട്ടു.
വൈദ്യുതി മന്ത്രായായിരുന്ന പിണറായി വിജയൻ, ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ആർ. ശിവദാസൻ, കസ്തൂരിരംഗ അയ്യർ, കെ.ജി. രാജശേഖരൻ നായർ എന്നിവർ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവ്ലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നതാണ് കേസ്.