ഷാർജ- പിതാവിന്റെ കാമുകിയായി ഉമ്മയുടെ അനിയത്തി എത്തി പ്രയാസത്തിലായി പോലീസിൽ അഭയം തേടിയ രണ്ടു മലയാളി കുട്ടികളുടെ സംരക്ഷണം കോഴിക്കോട് മർക്കസ് ഏറ്റെടുക്കും. മർക്കസിന്റെ ആലപ്പുഴയിലെ സ്ഥാപനത്തിൽ കുട്ടികൾക്ക് പഠനം ഒരുക്കും. ദുബായ് മർക്കസ് സഹറത്തുൽ ഖുർആൻ ഡയറക്ടർ യഹ്‌യ അബ്ദുൽഖാദറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളുടെ ഉമ്മ നാട്ടിലാണ്. കുട്ടികളുടെ പാസ്‌പോർട്ട് വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും യഹ്‌യ അബ്ദുൽഖാദർ പറഞ്ഞു. ഉമ്മയുടെ അരികിലെത്താൻ സഹായം ആവശ്യപ്പെട്ടാണ് പതിനേഴും പന്ത്രണ്ടും വയസ് പ്രായമുള്ള കുട്ടികൾ പോലീസിനെ സമീപിച്ചത്. എന്നാൽ, നാലുവർഷമായി വിസയില്ലാതെ കഴിയുന്ന ഇവർക്ക് നാട്ടിലേക്ക് പോകാൻ 60,000 ദിർഹം പിഴയടക്കണം. വർഷങ്ങളായി പഠനവും മുടങ്ങിയിരിക്കുകയാണ്. മാഹി സ്വദേശിയായ പിതാവിനൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. പിതാവുമായി പിണങ്ങി പത്തനംതിട്ട സ്വദേശിയായ മാതാവ് നാട്ടിലാണ് താമസം. ഇവരുടെ സഹോദരിയാണ് പിതാവിന്റെ കാമുകിയായി എത്തിയത്. ഇതോടെ കുട്ടികളുടെ പഠനവും മുടങ്ങി. മതിയായ സൗകര്യങ്ങളില്ലാത്ത മുറിയിലാണ് ഇവരെ താമസിപ്പിക്കുന്നത്. അതേസമയം, ഇവരുടെ രേഖകൾ ഹാജരാക്കാൻ പിതാവിനോട് പോലീസ് ആവശ്യപ്പെട്ടു. പിതാവിനൊപ്പം പോകാൻ വിസമ്മതിച്ചതിനാൽ ഷാർജ ഇന്ത്യൻ അസോസിയേഷന്റെയും ചൈൽഡ് പ്രൊട്ടക്ഷൻ ടീമിന്റെയും പ്രവർത്തകരെയാണ് കുട്ടികളെ ഏൽപിച്ചിരിക്കുന്നത്.