മഞ്ചേരി - മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയില നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ.
മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. നിർമാണ പ്രവൃത്തികൾക്കു ഇനിയും ആവശ്യമെങ്കിൽ പണം അനുവദിക്കാൻ സർക്കാർ തയാറാണെന്നും കുറവുകൾ കണ്ടെത്തി പരിഹരിക്കാൻ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കൽ കോളേജിൽ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കാനും നിർമാണ പ്രവൃത്തികളിലെ കാലതാമസം ഒഴിവാക്കാനും അടിയന്തരമായി ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചുകൂട്ടാനും മന്ത്രി നിർദേശം നൽകി. പദ്ധതികൾ പൂർത്തീകരിക്കാൻ ആക്ഷൻ പ്ലാൻ തയാറാക്കാനും എം.എൽ.എ ഉൾപ്പെടുന്ന മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ച കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച സംഭവിക്കുന്നുണ്ടെങ്കിൽ അവ വിലയിരുത്തി അടുത്ത റിവ്യൂ മീറ്റിംഗിൽ മുന്നോട്ടു പോകും. ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ വേണമെന്ന ജനപ്രതിനിധികളുടെ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറിൽ മെഡിക്കൽ കോളേജ് അധികൃതരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സൂപ്രണ്ട് ഡോ. കെ.വി നന്ദകുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ഷീന ലാൽ, ഡോ. അഫ്‌സൽ, പ്രിൻസിപ്പൽ ഇൻചാർജ് ഡോ. സിറിയക് ജോബ്, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷിനി, മെഡിക്കൽ കോളേജ് അധികൃതർ, പി.ഡബ്ല്യുഡി ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.