Sorry, you need to enable JavaScript to visit this website.

വഖഫ് ബോർഡ് സ്തംഭനം പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യം

കോഴിക്കോട് - സംസ്ഥാനത്ത് വഖഫ് ബോർഡിന്റെ പ്രവർത്തനത്തിൽ നിലനിൽക്കുന്ന സ്തംഭനാവസ്ഥ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ് മുഖ്യമന്ത്രി പിണറായി വിജയനും വഖഫ് മന്ത്രി വി. അബ്ദുറഹിമാനും നിവേദനം നൽകി. വഖഫ് ബോർഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ കാരണം വർഷങ്ങളായി വഖഫ് ബോർഡിന്റെ മുഴുവൻ പ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിലാണ്. 
വഖഫ് ബോർഡ് മുഖേന സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന വിവാഹ ധനസഹായം നിലച്ചിട്ട് വർഷങ്ങളായി. 2016 ജൂൺ മുതലുള്ള അപേക്ഷകരിൽ ഒരാൾക്കുപോലും നാമമാത്ര തുകയുടെ വിവാഹ ധനസഹായം ലഭിച്ചിട്ടില്ല. 


കോടികളുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകുമ്പോഴും വെറും 10,000 രൂപയുടെ ധനസഹായം തടഞ്ഞുവെച്ചിരിക്കുകയാണ്. തുച്ഛമായ തുകപോലും അർഹതപ്പെട്ടവർക്ക് ലഭ്യമാക്കാൻ വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്നവർക്ക് സാധിക്കുന്നില്ലെന്നും സി. അബ്ദുൽ ഹമീദ് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകളുള്ള വഖഫ് ബോർഡ് സമുദായത്തിന് ഉപകാരപ്രദമായ പദ്ധതികൾ ആവിഷ്‌കരിച്ചും വിദ്യാഭ്യാസ-തൊഴിൽ പരിശീലന  കേന്ദ്രങ്ങൾ നിർമ്മിച്ചും സമുദായത്തിലെ വിധവകൾക്കും അനാഥർക്കും മാറാരോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവർക്കും സഹായമെത്തിക്കുന്ന വിധത്തിലുള്ള ഗുണകരമായ പ്രവർത്തന പദ്ധതികളൊന്നും നിലവിലില്ല. ഇത്തരം ക്രിയാത്മകവും വികസനോന്മുഖവും സമുദായത്തിന്റെ സമഗ്രമായ ഉന്നമനത്തിന് ഉതകുന്നതുമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് പകരം പരസ്പരമുള്ള പോരിൽ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ പൂർണമായും സതംഭിച്ച അവസ്ഥയിലാണ്. ഇങ്ങനെയൊരു ബോർഡ് നിലനിൽക്കുന്നുണ്ടോ എന്ന് പോലും അറിയാനാവുന്നില്ല. 
കേരള സർക്കാർ വഖഫ് ബോർഡിന് വേണ്ടി വകയിരുത്തിയ തുകകളൊന്നും വഖഫ് ബോർഡിന് ലഭ്യമാകുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. വഖഫ് ബോർഡിനെ പുനരുജ്ജീവിപ്പിക്കാനും പ്രവർത്തനക്ഷമമാക്കാനും കാലതാമസം കൂടാതെ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

 

Latest News