പറവൂർ- യുവതിയെ മതംമാറ്റിയ ശേഷം സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ പറവൂർ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. പെരുവാരം മന്ദിയേടത്ത് ഫയാസ് ജമാൽ (23), മാഞ്ഞാലി തലക്കാട്ട് വീട്ടിൽ സിയാദ് (48) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ ആലുവ ഡിവൈ.എസ് പിയുടെ നേതൃത്വത്തിൽ വീട് റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്. മൊബൈൽ ഫോണും രേഖകളും പിടിച്ചെടുത്തു.
ഗൾഫിലുള്ള കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണ് ഫയാസ് ജമാൽ. മാഞ്ഞാലിയിൽ യുവതിയെ താമസിപ്പിക്കുന്നതടക്കമുള്ള സഹായം നൽകിയത് സിയാദാണെന്ന് പറയുന്നു. ഹിന്ദു മതത്തിൽ നിന്നു നിർബന്ധിച്ച് മാറ്റിയശേഷം വ്യാജവിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്കു കൊണ്ടുപോയെന്നും അവിടെനിന്ന് സിറിയയിലേക്ക് കടത്താൻ ശ്രമിച്ചെന്നുമാണ് പരാതി. ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിനിയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.
ഹൈക്കോടതി നിർദേശപ്രകാരം ഒരാഴ്ച മുമ്പ് പറവൂർ സബ് ഇൻസ്പെക്ടർ ഗുജറാത്തിൽ പോയി യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ബംഗളൂരുവിലെ ഒരു സ്ത്രീയും രണ്ട് അഭിഭാഷകരും കേസിലുൾപ്പെടുന്നു. കണ്ണൂർ സ്വദേശികളായ നാലു പേരെയും പിടികൂടാൻ സാധിച്ചിട്ടില്ല.
2014 ൽ ബംഗളൂരുവിൽ പഠിക്കുന്ന സമയത്ത് പരിചയപ്പെട്ട ന്യൂ മാഹി സ്വദേശി മുഹമ്മദ് റിയാസ് ലൈംഗിക ബന്ധം രഹസ്യമായി ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി മതം മാറ്റിയെന്ന് ഹരജിയില്‍ പറയുന്നു. പിന്നീട് മാതാപിതാക്കൾ യുവതിയെ ഗുജറാത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി
മുഹമ്മദ് റിയാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയപ്പോൾ യുവതിയെ മുഹമ്മദ് റിയാസിനോടൊപ്പം വിട്ടു. പറവൂരിലെ ഫയാസിന്റെ ബന്ധുവീട്ടിൽ കുറച്ചു ദിവസം താമസിച്ച ശേഷം മാഞ്ഞാലിയിൽ വാടക വീടെടുത്തു.
തുടർന്ന് സന്ദർശന വിസയിൽ ഇരുവരും സൗദിയിലേക്ക് പോയി. യുവതിയെ മദ്രസയിൽ പഠിക്കാൻ ചേർത്ത ശേഷം വ്യാജ വിവാഹ രേഖകളും മുസ്ലിം പേരിൽ ആധാർ കാർഡും ഉണ്ടാക്കി.
മതപരിവർത്തനത്തിനു ശേഷം മുഹമ്മദ് റിയാസിനും കുടുംബത്തിനും പണവും സ്വർണാഭരണങ്ങളും പാരിതോഷികമായി ലഭിച്ചുവെന്നും ഹരജിയില്‍ പറയുന്നു. കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു നിർബന്ധിത മതപരിവർത്തനവും വിവാഹവുമെന്നും ഹരജിയിലുണ്ട്.
സിറിയയിലേക്ക് കടത്താൻ ശ്രമിക്കുന്നതായി യുവതിയിൽ നിന്ന് വിവരം അറിഞ്ഞ പിതാവ് സൗദിയിലുള്ള സുഹൃത്ത് മുഖേനയാണ് രക്ഷിച്ച് നാട്ടിലെത്തിച്ചതെന്നും പറയുന്നു.