മഞ്ചേരി- പയ്യനാട് സ്‌റ്റേഡിയം കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാക്കുമെന്നു കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. സ്‌റ്റേഡിയത്തിലേയും സ്‌പോർട്‌സ് കോംപ്ലക്‌സിലെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. കൊച്ചി സ്‌റ്റേഡിയത്തിനൊപ്പം പയ്യനാട് സ്‌റ്റേഡിയവും അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള മികച്ച വേദിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
സ്‌പോർട്‌സ് കോംപ്ലക്‌സിൽ വിഭാവനം ചെയ്ത മുഴുവൻ സംവിധാനങ്ങളും പ്രാവർത്തികമാക്കും. സിന്തറ്റിക് ട്രാക്ക്, സ്വിമ്മിംഗ് പൂൾ, ഹോക്കി കോർട്ട് തുടങ്ങിയ പദ്ധതികൾ കിഫ്ബി ബോർഡിന്റെ പരിഗണനയിലാണ്. ഇതു വേഗമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം കുറയുകയും വാക്‌സിനേഷൻ പൂർത്തിയാകുകയും ചെയ്യുന്നതോടെ സ്‌റ്റേഡിയങ്ങൾ മത്സരങ്ങൾക്കായി തുറന്നു കൊടുക്കാനാണ് സർക്കാർ ഉദേശിക്കുന്നത്. സംസ്ഥാനത്തെ സ്‌റ്റേഡിയങ്ങളുടെ പരിപാലനം യഥാസമയം നടക്കുന്നുണ്ടെന്നു ഉറപ്പു വരുത്തും.
ഇതിനായി സർക്കാരിനു കീഴിൽ രൂപീകരിക്കുന്ന സ്‌പോർട്‌സ് കേരള ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തും. അടുത്ത മാസം സ്‌പോർട്‌സ് കേരള ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കും. കായിക വകുപ്പിനു കീഴിലുള്ള സ്‌റ്റേഡിയങ്ങളുടെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലുകൾ നിർദേശിക്കുന്ന സ്‌റ്റേഡിയങ്ങളുടെയും മികച്ച നിലവാരം കൃത്യമായ പരിചരണത്തിലൂടെ ഉറപ്പു വരുത്താനാകുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ, നഗരസഭാധ്യക്ഷ വി.എം. സുബൈദ, കൗൺസിലർമാരായ പി. അബ്ദുറഹീം, സമീന, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, സെക്രട്ടറി മുരുകൻരാജ്, വൈസ് പ്രസിഡന്റ് വി.പി. അനിൽ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം കെ. മനോഹരകുമാർ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഋഷികേശ്കുമാർ, സി. സുരേഷ്, കെ.എ. നാസർ, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ. പി.എം. സുധീർകുമാർ തുടങ്ങിയവർ പങ്കെടുത്തു.