തിരുവനന്തപുരം- ലക്ഷദ്വീപ് നിവാസിയും സിനിമ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള ലക്ഷദ്വീപ് പൊലീസിന്‍റെ ഹീനമായ നീക്കത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
ലക്ഷദ്വീപ് അഡ്‌മിനസ്‌ട്രേഷന്‍ നടപ്പിലാക്കുന്ന ജനവിരുദ്ധമായ പരിഷ്‌ക്കാര നടപടികളെ ദ്വീപ് ജനത ഒന്നിച്ച് എതിര്‍ക്കുകയാണ്. അവരുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നതാണ് അഡ്‌മിനിസ്‌ട്രേഷന്‍ ആവിഷ്‌ക്കരിച്ച നടപടികള്‍. ഈ നടപടികള്‍ക്കെതിരെ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ത്തി എന്നതാണ് ആയിഷ സുല്‍ത്താനക്കെതിരായ കുറ്റാരോപണങ്ങള്‍ക്ക് കാരണം.
നേരത്തെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ ജയിലിലടക്കാനുള്ള ദ്വീപ് പോലീസിന്റെ നീക്കം വിജയിച്ചില്ല. എന്നിട്ടും, ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ച് വരുത്തി രണ്ട് ദിവസം പോലീസ് ഭീക്ഷണിപ്പെടുത്തി. ചോദ്യം ചെയ്യലില്‍ കേസ് ചാര്‍ജ്ജ് ചെയ്യാനുള്ള യാതൊരു തെളിവും പോലീസിന് ലഭിച്ചില്ല.
ജൂലൈ എട്ടിന് കവരത്തി പോലീസ് സംഘം ഒരു വാറണ്ടുമായി വന്ന് ആയിഷ സുല്‍ത്താന ഇപ്പോല്‍ താമസ്സിക്കുന്ന കാക്കനാട്ടുള്ള ഫ് ളാറ്റില്‍ റെയ്‌ഡ് നടത്തി. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും കുറ്റം ചാര്‍ത്താന്‍ തക്കതായതൊന്നും കണ്ടെടുക്കാനായില്ല. എന്നാല്‍ ആയിഷയുടെ സഹോദരന്റെ ലാപ്‌ടോപ്പ് അവര്‍ കസ്റ്റടിയിലെടുത്തു.
കവരത്തി പോലീസ് കൊണ്ടുപോയ ഈ ലാപ്‌ടോപ്പില്‍, കൃത്രിമമായി രേഖകള്‍ കയറ്റി തെളിവുകളെന്ന പേരില്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഭീമ - കൊറെഗാവ് കേസില്‍, എന്‍ഐഐ പിടികൂടിയ നിരപരാധികള്‍ക്കെതിരെ, കള്ള തെളിവുകള്‍ ഉണ്ടാക്കിയത് ഈ വിധമാണ്. ഫാ. സ്റ്റാന്‍ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വ്യാജ രേഖകള്‍, അദ്ദേഹത്തില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ കയറ്റുകയാണുണ്ടായതെന്ന വസ്‌തുത പുറത്തുവന്നിട്ടുണ്ട്.
ആയിഷാ സുല്‍ത്താനയോട് പകവച്ച് പുലര്‍ത്തുന്ന ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷനും, പോലീസും കള്ളതെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക, തള്ളിക്കളയാനാകില്ല. ഇതെല്ലാം ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ നിശബ്‌ദരാക്കാന്‍ കേന്ദ്ര ഭരണാധികാരം ബിജെപി ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ്.
പൗരാവകാശം ചവിട്ടിമെതിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നയമാണ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ നടത്തുന്നത്. ആയിഷക്കെതിരെ നേരെ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും, പൗരവകാശ ധ്വംസനവുമാണ്. ഈ നടപടിയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുകയും ഈ നടപടിക്കെതിരെ ഒറ്റക്കെട്ടായി ശബ്‌ദമുയര്‍ത്താന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതായി വാർത്താക്കുറിപ്പിൽ പറഞ്ഞു.