കണ്ണൂർ - കണ്ണൂരിലെ അഗതിമന്ദിരത്തിലുണ്ടായ ഭക്ഷ്യവിഷബാധയിൽ ഒരാൾ മരിച്ചു. നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നു.
കണ്ണൂർ സിറ്റി അവേരയിലെ തണൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള അഗതിമന്ദിരത്തിലെ അന്തേവാസിയായ പിതാംബരൻ(65) ആണ് മരിച്ചത്.
ഉച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിഷബാധയേറ്റ അബ്ദുൽ സലാം, ഗബ്രിയേൽ, റഫീഖ്, പ്രകാശൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
എന്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന കൃത്യമായ നിഗമനത്തിലെത്താൻ ആശുപത്രി അധികൃതർക്ക് സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് അഗതിമന്ദിരം അധികൃതരും വ്യക്തത വരുത്തിയിട്ടില്ല. ആട്ടപ്പൊടിയിൽനിന്നോ വെള്ളത്തിൽനിന്നോ ആകാം വിഷബാധയേറ്റതെന്നാണ് സ്ഥാപന അധികൃതർ നൽകുന്ന സൂചന. എന്നാൽ അഞ്ചു പേർക്ക് മാത്രം എങ്ങിനെ ഭക്ഷ്യവിഷബാധയുണ്ടായിയെന്നതാണ് ദുരൂഹം. ഒരു മുറിയിൽ താമസിക്കുന്ന അന്തേവാസികളാണീ അഞ്ചു പേർ. മരിച്ച പീതാംബരന് നേരിയ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയുന്നു. ഇവരിൽ ആരെയെങ്കിലും അപായപ്പെടുത്താനായി ഭക്ഷണത്തിൽ വിഷപദാർഥങ്ങൾ ചേർത്തതാണെന്ന സംശയവും ബാക്കിയാവുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.