ദിലീപ് കുമാറിനെ യൂസഫ് ഖാൻ എന്ന് വിളിക്കുന്നതിലും അദ്ദേഹത്തിന്റെ പാക്കിസ്ഥാൻ വേരുകൾ ചികയുന്നതിലും ബഹുസ്വരതയെ നിരസിക്കുന്ന വർഗീയ സംസ്‌കാരത്തിന്റെ മനസ്സാണ് ഒളിഞ്ഞിരിക്കുന്നത്. ഹിന്ദുപേര് സ്വീകരിച്ച് പണമുണ്ടാക്കിയ ഒരു തട്ടിപ്പുകാരൻ മാത്രമായി അഭിനയ ലോകത്തെ ഇതിഹാസത്തെ കാണുന്നവർ, രാജ്യത്തെ ആനയിക്കുന്നത് ഇരുൾനിറഞ്ഞ അഗാധ ഗർത്തത്തിലേക്കാണ്.
കല, ചിത്രമായാലും ശിൽപമായാലും നാട്യമായാലും അതിന്റെ പ്രഭവമോ പ്രചാരമോ ഒരു നിർദ്ദിഷ്ടദേശത്തിന്റെ ഭൂപരിധിയിൽ മാത്രമായി ഉൾപ്പെട്ടുകൊള്ളണമെന്നില്ല. എന്റെ തൊടിയിൽ നിൽക്കുന്ന വൃക്ഷം എന്റെയാണെന്ന് ഞാൻ പറയുമ്പോഴും അതിന്റെ വേരുകളും ശാഖകളും മണ്ണിലും മാനത്തുമായി അയൽപക്കത്തേക്കു വ്യാപിച്ചിരിക്കും. അതുകൊണ്ടാണ് അതിർത്തിക്കപ്പുറത്തേക്ക് നീളുന്ന ആപ്പിൾ മരത്തിന്റെ വേരുകളെക്കുറിച്ച് കവി സച്ചിദാനന്ദൻ പാടിയത്. കലയുടെ സഹജമായ ആത്മനിഷ്ഠത അതിനെക്കുറിച്ചുള്ള വിലയിരുത്തലുകളിലും ഉണ്ടാകുമെന്നതാണ് യാഥാർഥ്യം.
ഇന്ത്യൻ വെള്ളിത്തിരയിലെ അസാമാന്യ പ്രതിഭയായിരുന്ന ദിലീപ് കുമാർ, പാക്കിസ്ഥാനിലെ പെഷാവറിലാണ് ജനിച്ചത്. ഇന്ത്യ സ്വതന്ത്രയാകുന്നതിന് മുമ്പെ അദ്ദേഹം ബോളിവുഡ് സിനിമയിൽ മുഖം കാണിച്ചു. മുഹമ്മദ് യൂസഫ് ഖാൻ എന്ന പേര് അദ്ദേഹം ഉപേക്ഷിച്ചത് സിനിമയിലെ തന്നെ തന്റെ വഴികാട്ടികളുടെ നിർദേശപ്രകാരമായിരുന്നു. സിനിമയിൽ അത് പതിവുളളതുമാണ്. എന്നാൽ പണമുണ്ടാക്കാൻ മുസ്‌ലിം പേരു മാറ്റി ഹിന്ദു പേര് സ്വീകരിച്ച ഒരു തട്ടിപ്പുകാരനാണ് ദിലീപ് കുമാർ എന്ന് അദ്ദേഹത്തിന്റെ ഭൗതിക ദേഹം ഈ ലോകത്ത് നിന്ന് അപ്രത്യക്ഷമാകും മുമ്പെ ഒരു ബി.ജെ.പി നേതാവ് പ്രഖ്യാപിച്ചു. അത് വലിയ വാർത്തയായി വാർത്താ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
വസ്തുതകളെ വക്രീകരിക്കുക മാത്രമല്ല, വർഗീയവത്കരിക്കുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്ത് ഇതാദ്യമല്ല. കലയേയും കലാകാരന്മാരേയും മതത്തിന്റെയും ജാതിയുടേയും കണ്ണിലൂടെ കാണുന്ന പതിവ് നമുക്കുണ്ടായിരുന്നില്ല. മതസംസ്‌കാരങ്ങളുടെ ഭാഗമായി വളർന്നുവന്ന കലാരൂപങ്ങളോട് പോലും ഈ വിവേചനം നാം കാട്ടിയില്ല. പ്രാദേശികമായി രൂപം കൊണ്ട കലകൾക്കും നാം ഒരേ പ്രാധാന്യംതന്നെ നൽകി.
ഓരോ ദേശത്തിനും അതിന്റേതായ കലയും സംസ്‌കാരവും ഉണ്ടായിരിക്കലാണ് ദേശത്തനിമയ്ക്കു നിദാനം. ഉദാഹരണത്തിന് വൈകുന്നേരം കളിയുണ്ട് എന്നു പറഞ്ഞാൽ വെള്ളിനേഴിയിൽ അതു കഥകളിയാണെന്ന് പ്രത്യേകം പറയേണ്ടിവരില്ല. എന്നാൽ അരീക്കോട്ടോ കൊണ്ടോട്ടിയിലോ അങ്ങനെ പറഞ്ഞാൽ ഫുട്‌ബോൾ ടൂർണമെന്റായിരിക്കും അർഥമാക്കുന്നത്. അതതുദേശങ്ങളിൽ പ്രചാരംകൊണ്ടാണ് ഈ അർഥവ്യത്യാസം. നാടിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് ഈ വ്യത്യാസം കുടികൊള്ളുന്നത്. അത് അസ്വാഭാവികമോ അസാധാരണമോ അല്ല. എന്നാൽ വൈവിധ്യങ്ങളുടെ ഈ സൗന്ദര്യത്തെ അംഗീകരിക്കാൻ മടിക്കുന്ന വർഗീയതയുടെ പ്രചാരകർക്ക് കലാകാരന്മാരുടെ പേര് ഒരു പ്രശ്‌നം തന്നെയാണ്.
സംവിധായകൻ കമലിനെ കമാലുദ്ദീൻ എന്ന് വിളിക്കുമ്പോഴും ഈ അസഹിഷ്ണുതയുടെ സംസ്‌കാരമാണ് തുറന്നുകാട്ടപ്പെടുന്നത്. കമലിന്റെ മുസ്ലിം സ്വത്വം വ്യക്തമാക്കാൻ വേണ്ടി മാത്രമാണ് കമാലുദ്ദീൻ എന്ന് വിളിക്കുന്നത്. വലിയ നേതാക്കൾ മുതൽ സൈബർ പോരാളികൾ വരെ ഇങ്ങനെ ഉപയോഗിക്കുന്നതിൽ വർഗീയ വേർതിരിവിലൂടെ മനുഷ്യനെ പലതാക്കി വിഭജിക്കാനുള്ള തന്ത്രം കൂടിയാണ് പതിയിരിക്കുന്നത്. മമ്മൂട്ടിയെ മുഹമ്മദ് കുട്ടി ഇസ്മായിൽ എന്നും നിത്യഹരിത നായകൻ പ്രേംനസീറിനെ അബ്ദുൽ ഖാദർ എന്നുമൊക്കെ ഇവർ വിളിക്കുന്ന കാലം വിദൂരമല്ല.
ദിലീപ് കുമാറിന്റെ ഇന്ത്യാ പ്രവേശനം സംഘർഷഭരിതമായ ഒരു കാലത്തായിരുന്നു. ദേവദാസിലും മുഗളെ അസമിലുമൊക്കെ ഇന്ത്യൻ സിനിമാപ്രേക്ഷകനെ ത്രസിപ്പിച്ച അഭിനേതാവായിരുന്നു അദ്ദേഹം. സുദീർഘമായ സിനിമാ ജീവിതത്തിനിടെ അദ്ദേഹം അഭിനയിച്ച സിനിമകളുടെ എണ്ണം മൂന്നക്കം കടന്നില്ല. അത്രയേറെ ശ്രദ്ധയോടെയാണ് കഥാപാത്രങ്ങളെ ദിലീപ് കുമാർ തെരഞ്ഞെടുത്തിരുന്നത്. ഇമേജുകളിൽ തളച്ചിടപ്പെടുന്നതിൽ അസ്വസ്ഥനായിരുന്ന അദ്ദേഹം അഭിനയിച്ചതിനെക്കാൾ എത്രയോ അധികം സിനിമകൾ ഒഴിവാക്കിയെന്ന് പലരും എഴുതുന്നു. അഭിനയ ജീവിതത്തോട് അത്രയേറെ ആസക്തി പ്രകടിപ്പിച്ചിരുന്ന ഒരു വലിയ കലാകാരനെയാണ് മതസ്വത്വത്തിൽ കുടുക്കി അന്യവത്കരിക്കാൻ നാം ശ്രമിക്കുന്നത്.
കലാസൃഷ്ടികൾക്കെതിരെയും കലാകാരന്മാർക്കെതിരെയും വർഗീയവാദികൾ മതവ്യത്യാസമില്ലാതെ നിലപാട് എടുക്കുന്നത് ചരിത്രത്തിൽ കാണാൻ കഴിയും. കാരണം മനുഷ്യന്റെ വേലിക്കെട്ടുകൾ പൊളിക്കാൻ കലാസൃഷ്ടിക്കു കഴിയും എന്നതുതന്നെ. രാജപ്പനെ രാജപ്പാ എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റെന്ന (ഉദയനാണ് താരം സിനിമയിലെ സലിം കുമാറിന്റെ കഥാപാത്രം ചോദിക്കുന്നത്) നിഷ്‌കളങ്കമായ ചോദ്യത്തിലൂടെ ഈ മനോഭാവത്തെ ഉദാത്തവത്കരിക്കാൻ ഒരുപക്ഷെ ശ്രമമുണ്ടായേക്കാം. എന്നാൽ അതത്ര നിസ്സാരമല്ലെന്നതാണ് വാസ്തവം.
സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി ആയിരുന്ന അഹമ്മദ് പട്ടേലിനെ രാഷ്ട്രീയരംഗത്തുള്ളവർ പൊതുവേ പട്ടേൽ എന്നാണ് വിളിച്ചിരുന്നത്. രാഷ്ട്രീയ പ്രസംഗങ്ങളിൽ നരേന്ദ്ര മോഡി അദ്ദേഹത്തെ മുഹമ്മദ് അഹമദ് പട്ടേൽ എന്നാണ് സംബോധന ചെയ്തിരുന്നത്. പട്ടേൽ എന്ന വാലുള്ളത് കൊണ്ട് അബദ്ധവശാൽ ആണെങ്കിൽപോലും ആരും ഹിന്ദു ആണെന്ന് കരുതരുത് എന്ന ലക്ഷ്യത്തോടെയാണ് പിതാവിന്റെ പേര് കൂടി ചേർത്തുള്ള ഈ വിളി. പട്ടേലും മോഡിയും ഗുജറാത്തുകാരാണല്ലോ. അതായത്, ഈ പേരുവിളിയിലെ ജുഗുപ്‌സ, താഴെക്കിടയിലുളള നേതാക്കളിൽമാത്രം പരിമിതമല്ല എന്നർഥം.
ദിലീപ് കുമാറിന്റെ ഈ അനുഭവം മരിച്ചതിന് ശേഷം മാത്രമല്ല എന്നതാണ് വസ്തുത. 1998 ൽ പാക്കിസ്ഥാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാനെ ഇംതിയാസ് പുരസ്താരം ദിലീപ് കുമാറിനെ തേടിയെത്തി. അടുത്ത വർഷം കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മുംബൈയിൽ അത് വലിയ ഒച്ചപ്പാടാണുണ്ടാക്കിയത്. ദിലീപ് കുമാർ പുരസ്‌കാരം തിരിച്ചുകൊടുക്കണമെന്ന് ബാൽ താക്കറെ ആവശ്യപ്പെട്ടു. ദിലീപ്കുമാർ നേരെ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ അടുത്തേക്കാണ് പോയത്. വാജ്‌പേയി അദ്ദേഹത്തെ സ്വീകരിച്ചു. ദിലീപ് കുമാറിന്റെ രാജ്യസ്‌നേഹത്തിലും രാജ്യത്തോടുളള കൂറിലും സംശയമില്ലെന്ന് വാജ്‌പേയി പ്രഖ്യാപിച്ചു. അങ്ങനെയാണ് ആ വിവാദം അടങ്ങിയത്.
കലാപങ്ങളാൽ കലുഷിതമായിരുന്ന 1990കളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയായിരുന്നു ദിലീപ് കുമാർ എന്നുകൂടി ഓർക്കണം. 1993 ൽ നഗരം വർഗീയ കലാപങ്ങളിൽ കൊടുമ്പിരിക്കൊണ്ടപ്പോൾ തന്റെ വീടിന്റെ വാതിലുകൾ അദ്ദേഹം തുറന്നിട്ടു. കലാപത്തിന്റെ ഇരകൾക്കും പ്രയാസപ്പെട്ടവർക്കുമായി അവിടെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളേയും ആദരവോടെ കണ്ടിരുന്ന അദ്ദേഹത്തിന്റെ മതേതര സ്വഭാവത്തെക്കുറിച്ച് ഭാര്യ സൈറാ ബാനു ഓർക്കുന്നുണ്ട്. മതേതര വിശ്വാസം അദ്ദേഹത്തിന്റെ ഹൃദയത്തിൽനിന്ന് വന്നതായിരുന്നു. എല്ലാ മതങ്ങളേയും അദ്ദേഹം ഒന്നുപോലെ ആദരിച്ചു- ദിലീപ് കുമാറിന്റെ ആത്മകഥയായ ദ സബ്സ്റ്റൻസ് ആന്റ് ദ ഷാഡോ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ സൈറാബാനു എഴുതി.
ഖുർആനും ഭഗവത് ഗീതയും ഒന്നുപോലെ മനപ്പാഠമാക്കിയിരുന്നു അദ്ദേഹമെന്നും സൈറാബാനു കുറിക്കുന്നുണ്ട്. ഓർമയിൽനിന്ന് ഇരു ഗ്രന്ഥങ്ങളിൽനിന്നും ഉദ്ധരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. നിരവധി ഭാഷകൾ അനായാസേന അദ്ദേഹത്തിന് വഴങ്ങി. ഉറുദു, ഹിന്ദി, പഞ്ചാബി, അവധി, ഭോജ്പൂരി, മറാത്തി, ബംഗാളി, ഇംഗ്ലീഷ് എന്നിവയെല്ലാം പെഷാവറിൽനിന്നുള്ള ആ പഠാന്റെ നാവിൽ തത്തിക്കളിച്ചു. ഒരു താരത്തേക്കാൾ, നടനേക്കാൾ വലിയ നിലയിലായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തെ പ്രതിനിധീകരിച്ച ഇതിഹാസം. സിനിമകളിൽമാത്രമല്ല, ഏഴ് പതിറ്റാണ്ട് നീണ്ട പൊതുജീവിതത്തിലും ആ സംസ്‌കാരം അദ്ദേഹം കാത്തുസൂക്ഷിച്ചു.
രാജ്യം ഞങ്ങളുടേത് മാത്രമെന്നും നിങ്ങൾ അപരരാണെന്നുമുളള പൊതുബോധം സൃഷ്ടിക്കലാണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതിലൂടെ സംഘ്പരിവാർ ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരത്തെ വരെ തുരങ്കംവെച്ച ഭൂതകാലം ഇതിലൂടെ മറച്ചുപിടിക്കാൻ കഴിയുമെന്ന് അവർ പ്രത്യാശിക്കുന്നു. അതിനാൽ തന്നെ ഈ സ്വത്വ വിചാരണയുടെ ഒടുവിലത്തെ ഇരയായിരിക്കില്ല ദിലീപ് കുമാർ എന്ന യൂസഫ് ഖാൻ എന്നുറപ്പ്. ബഹുസ്വരതയുടെ അവസാന നാളവും അണയുംമുമ്പ് ഈ രാജ്യത്തെ നാം തിരിച്ചുപിടിച്ചില്ലെങ്കിൽ ഇരുളടഞ്ഞ അഗാധഗർത്തമാണ് നമ്മെ കാത്തിരിക്കുന്നത് എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.