Sorry, you need to enable JavaScript to visit this website.

ചാരിറ്റി യുട്യൂബര്‍മാര്‍ക്ക് പിടിവീഴുമോ? സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി- ആര്‍ക്കും പണം പിരിക്കാം എന്ന അവസ്ഥ പാടില്ലെന്നും ക്രൗണ്ട് ഫണ്ടിംഗ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്നും ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ക്രൗഡ് ഫണ്ടിംഗിനായി അഭ്യര്‍ഥിക്കുന്ന ചാരിറ്റി യൂട്യൂബര്‍മാര്‍ പണം നിക്ഷേപിക്കാന്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

പണം എവിടെനിന്ന് വരുന്നു എന്നറിയാന്‍ സംവിധാനം വേണം. ചികിത്സക്ക് ആവശ്യമായ പണത്തെക്കാള്‍ കൂടുതല്‍ ലഭിച്ചാല്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ മേല്‍നോട്ടം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

അപൂര്‍വ്വ രോഗം ബാധിച്ച മലപ്പുറത്തെ കുട്ടിക്ക് സര്‍ക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ക്രൗഡ് ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണം നടത്തിയത്.

സത്യസന്ധമായ ഉറവിടത്തില്‍നിന്ന് അര്‍ഹരായ കുട്ടികള്‍ക്ക് പണം വരുന്നത് തടയാന്‍ പാടില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ സമഗ്രമായ നയം വേണം. കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല. പക്ഷേ ഇത് പരിശോധിക്കാനായി സമഗ്രമായ നയരൂപീകരണം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

 

Latest News