Sorry, you need to enable JavaScript to visit this website.

വാഹനം കടത്തിവിടുന്നതില്‍ തര്‍ക്കം, പാലിയേക്കര  ടോള്‍ പ്ലാസയില്‍ രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു

തൃശ്ശൂര്‍-പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. ടോള്‍ പ്ലാസയിലെ രണ്ട് ജീവനക്കാര്‍ക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. ടി ബി അക്ഷയ്, നിധിന്‍ ബാബു എന്നീ ജീവനക്കാര്‍ക്കാണ് കുത്തേറ്റത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിന് പിന്നില്‍ രണ്ട് പേരാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പോലീസ് പരിശോധിച്ചു. കത്തിക്കുത്തുണ്ടായതിന് പിന്നാലെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പുതുക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. കുത്തേറ്റ രണ്ട് പേരുടെയും നില ഗുരുതരമല്ല. ഇവരില്‍ നിന്ന് മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്. പ്രതികളുടെ കാര്‍ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കുന്നുണ്ട്. ഇവരെ ഉടന്‍ പിടികൂടാനാകുമെന്നാണ് പോലീസ് അറിയിക്കുന്നത്. അങ്കമാലി മുക്കന്നൂര്‍ സ്വദേശികളുടേതാണ് കാര്‍.
ഇന്നലെ രാത്രി പതിനൊന്നരയോടെ ടോള്‍ പ്ലാസയിലെത്തിയ കാര്‍ കടന്നുപോകാന്‍ ഉടന്‍ ബാരിയര്‍ മാറ്റിയില്ല. ഇതേച്ചൊല്ലിയാണ് ആദ്യം ജീവനക്കാരുമായി അക്രമികള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. കാറില്‍ നിന്ന് ഇറങ്ങിയ അക്രമികള്‍ ആദ്യം ജീവനക്കാരുമായി തര്‍ക്കം തുടങ്ങി. അതിന് ശേഷം കയ്യാങ്കളിയായി. പിന്നീട് ഇത് കത്തിക്കുത്തിലെത്തുകയായിരുന്നു. പ്രതികള്‍ക്ക് ഇവിടെയുള്ള ജീവനക്കാരുമായി മുമ്പും ടോള്‍ പ്ലാസയില്‍ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലി മുന്‍വൈരാഗ്യമുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കുത്തേറ്റവരില്‍ നിന്ന് വിശദമായി മൊഴിയെടുക്കും. പാലിയേക്കര ടോള്‍ പ്ലാസയില്‍ സാധാരണ തര്‍ക്കങ്ങള്‍ പതിവാണ്. എന്നാല്‍ കത്തിക്കുത്ത് ഉണ്ടാകുന്നത് ഇതാദ്യമാണ്.
 

Latest News