കൊച്ചി- പതിനായിരങ്ങള്‍ക്ക് ജോലി നല്‍കണമെന്ന് ആഗ്രഹിച്ച തന്നെ കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നുവെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. തന്നെ മൃഗത്തെ പോലെ ആട്ടിയോടിക്കുകയായിരുന്നു. മറ്റൊരു വ്യവസായിക്കും ഇങ്ങനെ ഒരു ഗതി വരരുത്. കഴിഞ്ഞ കുറെ ദിവസം വേദന അനുഭവിച്ചു. ഇനി ഇത് സാധിക്കില്ല. വ്യവസായം തുടങ്ങുന്ന കാര്യത്തില്‍ കേരളത്തില്‍ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പുതിയ തലമുറയുടെ ഭാവി ആപത്തിലെന്നും സാബു എം ജേക്കബ് മുന്നറിയിപ്പ് നല്‍കി. നിക്ഷേപവുമായി ബന്ധപ്പെട്ട് തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലേക്ക് പോകുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എത്രനാള്‍ ആട്ടും തുപ്പും സഹിച്ച് ഇവിടെ നില്‍ക്കാന്‍ സാധിക്കും. പതിനായിരങ്ങള്‍ക്ക് ജോലി നല്‍കണമെന്നത് വലിയ സ്വപ്‌നമായിരുന്നു. ആട്ടിയോടിക്കുകയാണ് ഉണ്ടായത്. ഞാന്‍ സ്വന്തമായി പോകുന്നതല്ല. എന്നെ ആട്ടിയോടിക്കുകയായിരുന്നു. വലിയ വേദനയുണ്ട്. എനിക്ക് ഉണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാവാന്‍ പാടില്ല. ജീവന്‍ പണയം വെച്ചും ബിസിനസ് ചെയ്യുന്നവര്‍ എന്തു ചെയ്യും. ഇക്കാര്യങ്ങളെല്ലാം ചിന്തിക്കണം'
'ഇത് മലയാളികളുടെ പ്രശ്‌നമാണ്. യുവതീയുവാക്കളുടെ പ്രശ്‌നമാണ്. മാറ്റം വന്നില്ലെങ്കില്‍ വലിയൊരു ആപത്തിലേക്ക് പോകും. എനിക്ക് യാതൊരു പ്രശ്‌നവുമില്ല. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച് എന്ന് അറിഞ്ഞ് ആരും തിരിഞ്ഞുനോക്കിയില്ല.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആരും വിളിച്ചില്ല. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിക്ഷേപം ക്ഷണിച്ച് വിളി വന്നു. തെലങ്കാന സര്‍ക്കാര്‍ സ്വകാര്യ ജെറ്റ് അയച്ചിരിക്കുകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് തെലങ്കാന.' സാബു എം ജേക്കബ് പറഞ്ഞു.
'മറ്റു സംസ്ഥാനങ്ങള്‍ ഏറെ മാറിയിട്ടും കേരളം മാറിയിട്ടില്ല. എന്നെ ചവിട്ടി പുറത്താക്കുകയായിരുന്നു. മൃഗത്തെ പോലെ വേട്ടയാടുകയും ആട്ടിയോടിക്കുകയും ചെയ്തു. എന്റെ കാര്യം നോക്കാന്‍ എനിക്ക് അറിയാം. വലിയ അപകടമാണ് പുതിയ തലമുറയുടെ മുന്നിലുള്ളത്.'
'വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ്. മുഖ്യമന്ത്രി മാത്രം മാറിയിട്ട് കാര്യമില്ല. 45 ദിവസമാണ് തന്റെ കമ്പനിയില്‍ കയറിയിറങ്ങിയത്. ഉദ്യോഗസ്ഥര്‍ ചെയ്തത് ശരിയാണ് എന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. പിന്നീട് ഉത്തരവ് പിന്‍വലിക്കുന്ന സ്ഥിതിയുണ്ടായി. ഇതുകാണിക്കുന്നത് ഞാന്‍ പറഞ്ഞത് ശരിയായിരുന്നു എന്നാണ്.'ചര്‍ച്ചകള്‍ ഉണ്ടായിട്ട് കാര്യമില്ല. റിസല്‍ട്ട് വേണമെന്ന് വ്യവസായമന്ത്രി പി രാജീവ് വ്യവസായികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ച കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സാബു എം ജേക്കബ് പറഞ്ഞു.