പാലക്കാട്- സി.പി.എമ്മും ഗോപാല സേനയും നടത്തുന്നത് രാഷ്ട്രീയ ഫാസിസമാണെന്നും അതിനെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി.ടി ബൽറാം എം.എൽ.എ. കൂറ്റനാട് ഡി.വൈ.എഫ്.ഐ അക്രമണത്തിന് ശേഷം പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ബൽറാം. തന്റെത് ഉദാത്തമായ മറുപടിയൊന്നുമല്ലെന്നും അത് ആവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ബൽറാം വ്യക്തമാക്കി.
ബൽറാം നടത്തിയ പ്രസംഗത്തിൽനിന്ന്.
മ്ലേച്ചമായ രീതിയിലാണ് കഴിഞ്ഞ കുറെ കാലമായി സി.പി.എം സംസ്ഥാന സെക്രട്ടറി വരെയുള്ളവർ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഇന്ന് നമുക്ക് നേരിട്ട് കാണാൻ സാധിക്കുന്ന പാവങ്ങളുടെ പടത്തലവൻ ഉമ്മൻ ചാണ്ടിയെ അതിനികൃഷ്ടമായ രീതിയിൽ വ്യക്തിഹത്യ നടത്തുന്നു. ഈ നിലയിൽ പ്രചരണവുമായി മുന്നോട്ടുപോകുന്ന ആളുകൾക്ക് അവർക്ക് മനസിലാകുന്ന രീതിയിൽ മറുപടി കൊടുത്തതാണ്. അത് ഉദാത്തമായ മറുപടിയാണ് എന്ന് ഞാൻ കരുതുന്നില്ല. അതുമായി മുന്നോട്ടുപോകാനോ ആ വാക്ക് ആവർത്തിക്കാനോ ഉദ്ദേശിക്കുന്നില്ല. ആ നിലയിലുള്ള കാര്യങ്ങൾക്ക് അവർക്ക് ആകാമെങ്കിൽ അതു നമുക്കും പറ്റുമെന്ന് അവരെ ഓർമ്മിപ്പിക്കുകയാണ്. നമുക്ക് മൺമറഞ്ഞവരോടും ഇപ്പോഴുള്ളവരോടും ബഹുമാനമാണ്. ഞാൻ തിരുത്തണമെങ്കിൽ എന്നെ ജനപ്രതിനിധിയാക്കിയവർക്ക് അതിന് അവകാശമുണ്ട്. എന്നാൽ ആരെന്ത് പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം സി.പി.എമ്മിനില്ല. ആയുധങ്ങൾ കൊണ്ടാണ് സി.പി.എം നേരിടുന്നതെങ്കിൽ അതിനെ ജനാധിപത്യരീതിയിൽ നേരിടാൻ യു.ഡി.എഫിന് സാധിക്കും. ഇരുപത് വർഷമായി അവർ കുത്തകയാക്കി വെച്ച മണ്ഡലത്തെ തിരിച്ചുപിടിച്ചതാണ് അവരുടെ അസഹിഷ്ണുതയുടെ കാരണം. കണ്ണും കാതും ജനം തൃത്താലയിലേക്ക് തിരിച്ചുവെച്ചിരിക്കുന്നു. സി.പി.എമ്മിന്റെ അസഹിഷ്ണുതയെ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കും. കേരളത്തിലെ രാഷ്ട്രീയ ഫാസിസത്തിന്റെ വക്താക്കളായി സി.പി.എമ്മും ഗോപാലസേനയും മാറിയ സഹചര്യത്തിൽ അവർക്ക് മുന്നിൽ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഹർത്താൽ അടക്കമുള്ള സമരവുമായി മുന്നോട്ടുപോകും. രാഷ്ട്രീയ മര്യാദ ഉയർത്തിപിടിച്ച് സമരം ചെയ്യും.