കോട്ടയം- സുപ്രീം കോടതിയിലെ നിയമസഭാ കയ്യാങ്കളി കേസിലെ പരാമർശ വിവാദത്തിനു പിന്നാലെ പാലായിൽ ഇടതു വോട്ടു ചോർച്ചയെക്കുറിച്ച് അന്വേഷിക്കാനുള്‌ല സി.പി.എം തീരുമാനം രാഷ്ട്രീയ ചർച്ചയായി. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗമാണ് പാലായിലെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. ഇതോടെ ജോസ് കെ. മാണിയെ കാലുവാരാൻ ഒരു വിഭാഗം ശ്രമിച്ചതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇടതു വോട്ടുകൾ ചോർന്നുവെന്നാണ് കേരള കോൺഗ്രസ് എം കരുതുന്നത്. അതിൽ സി.പി.എം വോട്ടുകളേക്കാൾ സി.പി.ഐയുടെ മേഖലകളിലാണ് പാർട്ടിക്കു സംശയം. പാലായിൽ ജോസ് കെ. മാണിയുടെ തോൽവിക്ക് കാരണമായി ഇടതു വോട്ടുകൾ ചേർന്നിട്ടുണ്ട് എന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. പാലായിലെ തോൽവി പ്രത്യേകം പരിശോധിക്കാനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. പാലായിൽ സി.പി.എം വോട്ടുകൾ പൂർണമായും കിട്ടിയില്ലെന്നാണ് കേരള കോൺഗ്രസ് വിലയിരുത്തൽ. കെ.എം. മാണിക്കെതിരായ പരാമർശ വിവാദത്തിന്റെ സാഹചര്യത്തിൽ സി.പി.എം ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് വേഗം നീങ്ങുകയായിരുന്നു.
സി.പി.എം തീരുമാനത്തോട് വളരെ കരുതലോടെയാണ് ജോസ് കെ. മാണി പ്രതികരിച്ചത്. പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് ജോസ് കെ. മാണി പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനോട് പ്രതികരിക്കാൻ താൽപര്യമില്ല. കേരള കോൺഗ്രസും ഇക്കാര്യത്തിൽ പ്രത്യേകം പരിശോധന നടത്തി വരുന്നുണ്ട്. ആദ്യഘട്ട പരിശോധന പൂർത്തിയായിട്ടുണ്ട്. ഇനിയും കൂടുതൽ പരിശോധന നടത്തേണ്ടത് ഉണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. അതേസമയം പാലായിലെ തോൽവി സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ പാർട്ടി നടത്തിയതി ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ ആണ് എന്ന് മാത്രം പറഞ്ഞ് ജോസ് കെ. മാണി ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പാലായിൽ സി.പി.എം കേരള കോൺഗ്രസ് എം വിഭാഗങ്ങൾ തമ്മിൽ പലയിടത്തും നിസ്സഹകരണം ഉണ്ടായിരുന്നു. സി.പി.എം അംഗമായ ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് നേതാവായ ബൈജു കൊല്ലം പറമ്പിലും നഗരസഭയിൽ അടിപിടി ഉണ്ടാക്കിയത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു.
കേരള കോൺഗ്രസ് പലയിടത്തും സി.പി.എം നേതൃത്വത്തെ വേണ്ടവിധത്തിൽ പരിഗണിച്ചില്ല എന്ന പരാതിയും പ്രാദേശിക സി.പി.എം നേതൃത്വത്തിന് ഉണ്ട്. പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിന് അടക്കം കേരള കോൺഗ്രസ് ഒറ്റയ്ക്കു പല ആസൂത്രണങ്ങളും നടത്തിയെന്നും സി.പി.എം നേതാക്കൾക്ക് അഭിപ്രായമുണ്ട്. പാർട്ടി അന്വേഷണം വരുന്ന സമയത്ത് ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനാകും പ്രാദേശിക സി.പി.എം നേതൃത്വം ശ്രമിക്കുക. പാലായിൽ സി.പി.എം വോട്ടുകൾ ചേർന്നിട്ടില്ല എന്നായിരുന്നു അന്ന് ജില്ലാ സെക്രട്ടറിയും ഏറ്റുമാനൂരിലെ സ്ഥാനാർഥിയുമായ വി.എൻ. വാസവൻ പ്രതികരിച്ചത്. ബി.ജെ.പി വോട്ടുകൾ ചോർന്നത് മൂലമാണ് മാണി സി. കാപ്പൻ വിജയിച്ചത് എന്നും സി.പി.എം ആരോപിച്ചിരുന്നു. ഇതേ നിലപാട് തന്നെയായിരുന്നു ജോസ് കെ. മാണിയും തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ അറിയിച്ചിരുന്നത്. അതിനുശേഷമാണ് ഇടതു വോട്ടു ചോർന്നു എന്ന ആക്ഷേപത്തിലേക്ക് നീങ്ങിയത്. ബി.ജെ.പി വോട്ടുകൾ മാണി സി. കാപ്പന് ലഭിച്ചതാണ് തോൽവിക്ക് കാരണം എന്ന് പരസ്യമായി കൊണ്ടുവരാനാണ് കേരള കോൺഗ്രസ് എമ്മും സി.പി.എമ്മും ശ്രമിക്കുക. എന്നാൽ പ്രാദേശികതലത്തിൽ ഉണ്ടായ തർക്കം തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ ജോസ് കെ. മാണിയുടെ തോൽവിക്ക് കാരണമായി എന്ന വിലയിരുത്തലാണ് ആഭ്യന്തരമായി പാർട്ടികൾ നടത്തിവരുന്നത്. അതേസമയം വോട്ടു ചോർച്ചയിൽ അഭിപ്രായം പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ജോസ് കെ. മാണി പറഞ്ഞത്. വിജയിച്ചാലും പരാജയപ്പെട്ടാലും പരിശോധന നടക്കാറുണ്ട്. പാലായിലെ തോൽവിയിൽ ജനങ്ങളുടെ വോട്ട് ചോർന്നിട്ടുണ്ട്. അത് മാണി സി. കാപ്പനിലേക്ക് ഒഴുകിയെത്തിയെന്നതാണ് സത്യം.