ആലുവ- മനുഷ്യ സമൂഹത്തിന്റെ മോചനത്തിനും ക്ഷേമത്തിനുമായി ഒടുങ്ങാത്ത ഗുണകാംക്ഷയോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ആലുവയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ പകയും വിദ്വേഷവും ഇരുട്ടും പരത്തുന്നവരോട് വിയോജിക്കുന്നതോടൊപ്പം അവരോടും ഗുണകാംക്ഷാപൂർവം വർത്തിക്കണമെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്. വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളിലൂടെ ജനങ്ങൾക്കിടയിൽ നില നിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കാനുള്ള പ്രവർത്തനങ്ങളാണ് ഇസ്‌ലാമിക പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് സമാധാനവും ശാന്തിയും പുലരാനുള്ള എല്ലാ പ്രവർത്തനങ്ങളോടൊപ്പവും ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരുണ്ടാകും. കേവലം സംഘടനാ പ്രവർത്തനങ്ങൾക്കപ്പുറം മുഴുവൻ മനുഷ്യർക്കും സേവനങ്ങൾ ലഭ്യമാക്കുന്നതായിരിക്കും പുതിയ ജില്ലാ ആസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൂടിയാലോചനാ സമിതിയംഗം എച്ച്. ഷഹീർ മൗലവി, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സി.വി. ജമീല, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, എസ്.ഐ.ഒ സംസ്ഥാന കൂടിയാലോചനാ സമിതിയംഗം ഇസ്ഹാഖ് അസ്ഹരി, ജി.ഐ.ഒ. സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, ജമാഅത്തെ ഇസ്‌ലാമി കൊച്ചി സിറ്റി പ്രസിഡന്റ് എം.പി. ഫൈസൽ എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് റഫീഖ ബീവി, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് നിയാസ് പറവൂർ, എസ്.ഐ.ഒ. ജില്ലാ പ്രസിഡന്റ് അബ്ദുൽ ബാസിത്ത്, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാത്തിമ സഹ്‌റ എന്നിവർ സംസ്ഥാന ഭാരവാഹികളിൽ നിന്നും വിവിധ ജില്ലാ ഓഫീസുകളുടെ താക്കോലുകൾ ഏറ്റുവാങ്ങി. പ്രൊജക്ട് കൺവീനർ വി.എ. ഇബ്രാഹിം കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. മുനീബ് അസ്ഹരി ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി കെ.കെ. സലീം സ്വാഗതം പറഞ്ഞു. മധ്യമേഖലാ നാസിം പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി സമാപനവും പ്രാർത്ഥനയും നിർവഹിച്ചു.