കൊച്ചി- ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്ട്രേറ്ററും നടത്തുന്ന നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര സംവിധായിക ആയിഷ സുല്‍ത്താനയെ പോലിസ് വീണ്ടും ചോദ്യം ചെയ്തു.
എറണാകുളം കാക്കനാട്ടുള്ള ആയിഷ സുല്‍ത്താനയുടെ ഫ്ളാറ്റില്‍ എത്തിയാണ് ലക്ഷദ്വീപ് കവരത്തി പോലിസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. ആയിഷയുടെ ഫ്ളാറ്റില്‍ പരിശോധന നടത്തിയ പോലീസ് ലാപ് ടോപ്പ് പിടിച്ചെടുത്താണ് മടങ്ങിയത്. ആയിഷ സുല്‍ത്താനയുടെ അനുജന്റെ അടക്കം ബാങ്ക് അക്കൗണ്ടുകളും പോലിസ് പരിശോധിച്ചു. നേരത്തെ ആയിഷയുടെ മൊബൈല്‍ ഫോണും പോലിസ് പിടിച്ചെടുത്തിരുന്നു.
മുന്‍ കൂട്ടി അറിയിക്കാതെയാണ് പോലിസ് ചോദ്യം ചെയ്യലിനായി എത്തിയതെന്ന് ആയിഷ സുല്‍ത്താന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പോലിസ് ഫ്ളാറ്റില്‍ എത്തുന്ന സമയത്ത് ആയിഷ സുല്‍ത്താന പുറത്തായിരുന്നു.പോലിസ് എത്തിയ വിവരമറിഞ്ഞ് ആയിഷ ഫ്ളാറ്റിലേക്ക് എത്തുകയായിരുന്നു.
താന്‍ മറ്റൊരു രാജ്യക്കാരിയാണെന്നത് അനാവശ്യ പ്രചരണമാണെന്ന് പോലിസിന്റെ ചോദ്യം ചെയ്യലിനു ശേഷം ആയിഷ സുല്‍ത്താന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.താന്‍ ലക്ഷദ്വീപ്കാരിയാണ്.ലക്ഷദ്വീപിലാണ് താന്‍ ജനിച്ചതെന്ന വിവരം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ചോദിച്ചത് തന്നെ വീണ്ടും വീണ്ടും അവര്‍ ചോദിക്കുന്നത് ബുദ്ധിമുട്ടിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നും ഐഷ സുല്‍ത്താന പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.അത് താന്‍ അനുസരിക്കും. പോലിസ് ബുദ്ധിമുട്ടിക്കുകയാണെന്ന് പറയാന്‍ അവകാശമില്ല.അവര്‍ അവരുടെ വഴിക്കു പോകട്ടെ.മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ലെങ്കില്‍ തന്നെ പോലിസ് ഉറപ്പായും അറസ്റ്റു ചെയ്യുമായിരുന്നു. മുന്‍ കൂര്‍ ജാമ്യം ഉളളതിനാലാണ് തനിക്ക് ഇങ്ങനെ നില്‍ക്കാന്‍ കഴിയുന്നത്. രാജ്യത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ചിന്തിക്കുക പോലും ചെയ്തിട്ടില്ല. ലക്ഷദ്വീപില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് ആഗസ്ത് 15 ആണ്.തന്റെ സിനിമയുടെ ഫസ്റ്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തതു പോലും ആഗസ്ത് 15 നാണ്.ആഗസ്ത് 15 ന്റെ പ്രധാന്യം അറിയുന്നവരാണ് ലക്ഷദ്വീപിലെ ഓരോരുത്തരും. തന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുകയെന്നത് അജണ്ടയുടെ ഭാഗമാണ്. തന്റെ സിനിമയുടെ ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ജോലിക്കിടയിലാണ് പോലിസ് വന്നത്.ഇത് വിട്ടിട്ടാണ് താന്‍ ഫ്ളാറ്റില്‍ ഓടിയെത്തിയത്.താന്‍ ലക്ഷദ്വീപിലേക്ക് തന്നെ തിരിച്ചു പോകും. ജോലിയുടെ ഭാഗമായിട്ടാണ് കൊച്ചിയില്‍ എത്തിയിരിക്കുന്നതെന്നും ആയിഷ സുല്‍ത്താന പറഞ്ഞു.