തിരുവനന്തപുരം- കേരളത്തിൽ ആദ്യമായി തിരുവനന്തപുരം ജില്ലയിൽ സിക്ക വൈറസ് സ്ഥിരീകരിച്ചു. പതിമൂന്ന് പേരിലാണു വൈറസ് കണ്ടെത്തിയത്. ഭൂരിഭാഗവും ആരോഗ്യപ്രവർത്തകരാണ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ നടത്തിയ സാംപിൾ പരിശോധനയിലാണു സ്ഥിരീകരണം.
ഡെങ്കിപ്പനിക്കും ചിക്കുൻഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കുമുള്ളത്. ഈ വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സയില്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ നൽകും.
സിക്ക വൈറസ് ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കാറില്ല. വിശ്രമിച്ചാൽ പൂർണമായും മാറും. ഗർഭിണികൾക്കു വൈറസ് ബാധ ഉണ്ടായാൽ ഗർഭസ്ഥ ശിശുവിന്റെ മസ്തിഷ്‌കത്തിനു തകരാറുണ്ടാകാൻ സാധ്യതയുണ്ട്.