Sorry, you need to enable JavaScript to visit this website.

വനിതാ ജനപ്രതിനിധിക്കെതിരെ സിപിഎമ്മിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം

തിരുവനന്തപുരം- കേരളീയ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സിപിഎം സംസ്ഥാനമൊട്ടാകെ സ്ത്രീപക്ഷ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്ന ആഴ്ചയില്‍ തന്നെ സ്വന്തം മുന്നണിയിലെ വനിതാ ജനപ്രതിനിധിയ്‌ക്കെതിരെ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി സിപിഎം. തിരുവനന്തപുരം കല്ലറ ഡിവിഷനില്‍ നിന്നുളള ജില്ലാ പഞ്ചായത്ത് മെമ്പറായ ബിന്‍ഷ ബി ഷറഫിനെതിരെയാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സ്ത്രീ വിരുദ്ധ പ്രചാരണം നടക്കുന്നത്. സിപിഎം പാര്‍ട്ടി അംഗങ്ങളും ജനപ്രതിനിധികളുമാണ് ഇതിനു പിന്നില്‍.
മേഖലയില്‍ നിലനില്‍ക്കുന്ന സിപിഎംസിപിഐ പ്രാദേശിക തര്‍ക്കമാണ് സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് പിന്നിലെ കാരണമെന്നറിയുന്നു. അടുത്തിടെ സിപിഎം വിട്ട് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇതോടെയാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.ആറ് പേര്‍ തികച്ചില്ലാത്ത പാര്‍ട്ടിക്കാരിയെ ആറായിരം വോട്ടിന് ജയിപ്പിച്ചു, ഇപ്പോള്‍ പണി എടുത്തവര്‍ക്കിട്ട് പണിയാന്‍ നടക്കുന്നു' എന്നാണ് ബിന്‍ഷയ്‌ക്കെതിരെ സിപിഎം പാര്‍ട്ടി അംഗവും സിഐടിയു തൊഴിലാളിയുമായ സനു ചെല്‍സ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ഇതിനുതാഴെ വന്ന കമന്ററുകള്‍ക്കിടെയാണ് തികച്ചും മോശം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ ഇയാള്‍ നടത്തിയിരിക്കുന്നത്. ഇത് ഏറ്റുപിടിച്ച് പാര്‍ട്ടി അംഗങ്ങളും, അനുഭാവികളും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്.
വനിതകളായ സിപിഎം ജനപ്രതിനിധികളും ഏരിയാ കമ്മിറ്റി അംഗവും വരെ പോസ്റ്റിന് ലൈക്കടിച്ചും റിയാക്ഷനിട്ടും രംഗത്ത് വന്നിട്ടുണ്ട്. വിസ്മയയുടെ മരണവും അതിനുപിന്നാലെയുണ്ടായ ജോസഫൈന്‍ വിവാദവും മറികടക്കാനാണ് സിപിഎം സംസ്ഥാനത്ത് സ്ത്രീപക്ഷ ക്യാമ്പയിന് തുടക്കം കുറിച്ചത്. എന്നാല്‍ മറുവശത്ത് സ്വന്തം മുന്നണിയിലെ ജനപ്രതിനിധിയെ വരെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ താറടിച്ച് കാണിക്കാനുളള ശ്രമമാണ് സിപിഎം അംഗങ്ങള്‍ നടത്തുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
ജില്ലാ പഞ്ചായത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റവരില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ശ്രദ്ധനേടിയ ആളാണ് ബിന്‍ഷ ബി ഷറഫ്.
 

Latest News