ജിദ്ദ- സൗദി അറേബ്യയില്‍ 40 വയസ്സിനു മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി തുടങ്ങിയതോടെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തിരക്കേറി. അതേസമയം, ബുക്ക് ചെയ്ത് വാക്‌സിന്‍ കേന്ദ്രങ്ങളിലെത്തുന്ന മലയാളികളടക്കം നിരവധി പേര്‍ ആദ്യഡോസായി സ്വീകരിച്ച വാക്‌സിന്‍ തന്നെ ലഭിക്കാത്തതിനാല്‍ മടങ്ങുന്നുമുണ്ട്.
സൗദിയില്‍ കുത്തിവെപ്പ് തുടങ്ങിയത് ഫൈസര്‍-ബയോടെക് വാക്‌സിനോടെയാണെങ്കിലും പിന്നീട് ഭൂരിഭാഗം പേര്‍ക്കും ലഭിച്ചത് ആസ്ട്രാസെനക്കയാണ്.
ഇപ്പോള്‍ രണ്ടാം ഡോസായി ആസ്ട്രാസെനക്ക തന്നെ ലഭിക്കാന്‍ ആളുകള്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ കയറി ഇറങ്ങുകയാണ്. ജിദ്ദയിലെ അല്‍ സലാം മാളിലെ ക്ലിനിക്കില്‍ ആസ്ട്രാസെനക്കയാണ് നല്‍കുന്നതെന്നറിഞ്ഞ് എത്തിയ പലരും കഴിഞ്ഞ ദിവസം മടങ്ങി. ജിദ്ദയില്‍ തന്നെ മറ്റു കേന്ദ്രങ്ങളില്‍ രണ്ടാം ഡോസായി ഫൈസര്‍ നല്‍കിയപ്പോള്‍ സലാം മാളില്‍ ആസ്ട്രാസെനക്കയാണ് കുത്തിവെച്ചിരുന്നത്. ഇതറിഞ്ഞ് ആളുകള്‍ വര്‍ധിക്കുമ്പോഴേക്കും ആസ്ട്രസെനക്ക മാറ്റി ഫൈസര്‍ നല്‍കി തുടങ്ങിയിരുന്നു.
ആദ്യ ഡോസ് വാക്‌സിന്‍ തന്നെ ആയിരിക്കണം രണ്ടാം ഡോസുമെന്ന് നിര്‍ബന്ധമില്ലെന്നും ഏതു വാക്‌സിനും രണ്ടാം ഡോസായി സ്വീകരിക്കാമെന്നും സൗദി ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നുവെങ്കിലും ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു നിര്‍ദേശങ്ങളാണ് നല്‍കുന്നതെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ട്. ആസ്ട്രാസെനക്ക സുലഭമാകുന്നതുവരെ രണ്ടാം ഡോസ് സ്വീകരിക്കുന്നത് നീട്ടിവെക്കുന്നവരും നിരവധിയാണ്.
അതിനിടെ, ആസ്ട്രസെനക്കയും ഫൈസറും ഒരാള്‍ സ്വീകരിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന പുതിയ പഠനം പുറത്തുവന്നിട്ടുണ്ട്. മിക്ക കോവിഡ് വാക്‌സിനുകളും രണ്ട് ഡോസ് സ്വീകരിക്കേണ്ടതുണ്ട്. ഒരേ വാക്‌സിന്‍തന്നെ നല്‍കുകയെന്നതാണ് പൊതുവെയുള്ള രീതി. എന്നാല്‍ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി നടത്തിയ കോം-കോവ് പഠനമാണ് വ്യത്യസ്ത വാക്‌സിന്‍ നല്‍കുന്നത് ഫലപ്രദമാണെന്നു മാത്രമല്ല, കൂടുതല്‍ ഗുണകരമാണെന്നും കണ്ടെത്തിയിരിക്കുന്നത്. ഒന്നും രണ്ടും വാക്‌സിനുകളായി വ്യത്യസ്ത മരുന്നുകള്‍ നല്‍കിയാല്‍ എന്തു സംഭവിക്കുമെന്ന് കണ്ടെത്താന്‍ യു.കെയിലെ 800 പേരെയാണ് പഠനവിധേയരാക്കിയത്. ആസ്ട്രാസെനക്കയും ഫൈസറും സ്വീകരിച്ചവരാണ് പഠനത്തില്‍ പങ്കാളികളായത്. പരീക്ഷണഫലം പ്രാഥമികമാണെങ്കിലും വ്യത്യസ്ത വാക്‌സിനുകളാകാമെന്നാണ് സ്ഥീരീകരിച്ചത്. മറ്റു ശാസ്ത്രജ്ഞര്‍ പരിശോധിക്കാത്തതിനാലാണ് ഈ ഫലത്തെ പ്രാഥമികമെന്ന് പറയുന്നത്. ആസ്ട്രാസെനക്കക്കു ശേഷം ഫൈസര്‍ കുത്തിവെച്ചവരില്‍ ടി സെല്ലുകളുടെ മികച്ച പ്രതികരണം കാണാന്‍ കഴിഞ്ഞു. കൊറോണ വൈറസ് പോലുള്ള വൈറസുകളെ ഇല്ലായ്മ ചെയ്യാനും ശരീരത്തിലെ ആന്റിബോഡി ഉല്‍പാദിപ്പിക്കാനും സഹായിക്കുന്നതാണ് ടി സെല്ലുകള്‍.
രണ്ട് ഡോസുകള്‍ക്കിടയില്‍ ദൈര്‍ഘ്യം കൂടിയാല്‍ കൂടുതല്‍ മികച്ച ഫലം ലഭിക്കുമോ എന്ന കാര്യവും പഠനവിധേയമാക്കുന്നുണ്ട്. 28 ദിവസത്തെ ഇടവേളക്കുശേഷം വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കിയതിനെ കുറിച്ചാണ് നിലവില്‍ ഫലം വെളിപ്പെടുത്തിയ പഠനം. 84 ദിവസത്തെ വ്യത്യാസത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ സമാന്തരമായി നടത്തിയ പഠനത്തിന്റെ ഫലമാണ് വരാനുള്ളത്.