Sorry, you need to enable JavaScript to visit this website.

ഏഷ്യാനെറ്റിനെ ബഹിഷ്‌കരിച്ച ബി.ജെ.പിക്ക് തിരിച്ചടി; രാജീവ് ചന്ദ്രശേഖർ മന്ത്രിസഭയിൽ 

ആലപ്പുഴ - ഏഷ്യാനെറ്റ് ബഹിഷ്‌ക്കരണമുൾപ്പടെയുള്ള കാമ്പയിൻ നടത്തുന്നതിനിടെ ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. 

ബംഗാളിൽ ബി.ജെ.പി തൃണമൂൽ സംഘർഷം നടക്കുന്നതിനിടെ ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച വാർത്ത നൽകാത്തത് എന്താണെന്ന് കോട്ടയത്തെ ഒരു വീട്ടമ്മ ചാനലിലേയ്ക്ക് വിളിച്ച് ചോദിക്കുകയും കൊടുക്കാൻ സൗകര്യമില്ലെന്ന തരത്തിൽ വനിതാ റിപ്പോർട്ടർ പ്രതികരിക്കുകയും ചെയ്തതോടെയാണ് ബി.ജെ.പി ഏഷ്യാനെറ്റിനെതിരെ തിരിഞ്ഞത്. തുടർന്ന് കുഴൽപണക്കേസും മറ്റും വിവാദമായതോടെ ഏഷ്യാനെറ്റിനെ ബി.ജെ.പി പൂർണമായും ബഹിഷ്‌ക്കരിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് പ്രതിനിധികളെ പത്രസമ്മേളനങ്ങളിൽ പങ്കെടുപ്പിക്കാതെയും ചാനലിന്റെ ചർച്ചകൾ നേതാക്കൾ ബഹിഷ്‌ക്കരിച്ചും കടുത്ത പ്രതിഷേധം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഏഷ്യാനെറ്റ് ഉടമകളിൽ ഒരാളായ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയാക്കിയത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ദൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽനിന്നും ഏഷ്യാനെറ്റ് റിപ്പോർട്ടറേയും മറ്റും ഇറക്കി വിട്ടത് വിവാദമായിരുന്നു. 
രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖർ ബി.ജെ. പി സംസ്ഥാന നേതൃത്വത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏഷ്യാനെറ്റിൽ നടക്കുന്നത് മാധ്യമപ്രവർത്തനമല്ലെന്നും മറ്റു പലതുമാണെന്നും രൂക്ഷമായ ഭാഷയിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രതികരിച്ചിരുന്നു. സംസ്ഥാന നേതാക്കൾ ഒറ്റക്കെട്ടായി പ്രതിഷേധിച്ചപ്പോൾ അണികളും താഴെത്തട്ടിൽ ചാനലിനെതിരെ കാമ്പയിൻ നടത്തി. എന്നാൽ ഇപ്പോൾ അണികളോട് എന്തു പറയുമെന്നറിയാതെ കുഴങ്ങുകയാണ് സംസ്ഥാന നേതൃത്വം. രാജീവ് ചന്ദ്രശേഖറെ മന്ത്രിയാക്കിയതോടെ സോഷ്യൽ മീഡിയയിലും ബി.ജെ. പി നേതൃത്വത്തിനെതിരെ പോസ്റ്റുകൾ നിറയുകയാണ്.

 

Latest News