എടക്കര- കണ്ടെയ്ൻമെന്റ് സോണിൽ നിയ്രന്തണങ്ങൾ ലംഘിച്ച് തുറന്നു പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കാൻ പേലീസ് നടത്തിയ നീക്കം എടക്കരയിൽ നേരിയ സംഘർത്തിനിടയാക്കി. പഞ്ചായത്തിൽ എടക്കര ടൗണിന്റെ ഒരു ഭാഗം ഉൾപ്പെടുന്ന മേനോൻപൊട്ടി വാർഡാണ് കോവിഡ് വ്യാപന തോത് കൂടിയതിനാൽ ജില്ലാ കലക്ടർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ടൗണിന്റെ മറുഭാഗമായ പത്താം വാർഡിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമില്ല.
രാവിലെ തന്നെ ഒൻപതാം വാർഡിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനമാരംഭിച്ചിരുന്നു. വിവരമറിഞ്ഞു പതിനൊന്നരയോടെ എടക്കര സി.ഐ.ടി.എഫ് മഞ്ജിത് ലാലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി കടകൾ അടപ്പിക്കാൻ നീക്കം നടത്തിയതാണ് വ്യാപാരികളെ പ്രകോപിപ്പിച്ചത്. കടകൾ അടപ്പിക്കാൻ തുടങ്ങിയതോടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. ടൗണിന്റെ ഒരു ഭാഗത്തെ വ്യപാര സ്ഥാപനങ്ങൾ മാത്രം അടപ്പിക്കുന്നത് അശാസ്ത്രീയമാണെന്നു വ്യാപാരികൾ വാദിച്ചു. ഇതോടെ വ്യാപാരികളും പോലീസും തമ്മിൽ വാക്കേറ്റമായി. പോലീസിനെ വെല്ലുവിളിച്ച് കടകൾ തുറക്കാൻ വ്യാപാരികൾ ശ്രമിച്ചതോടെ വാക്കേറ്റം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. ഇതേടെ നിലമ്പൂർ ഡി.വൈ.എസ്.പി സജു കെ. അബ്രഹാം, പോത്തുകൽ സി.ഐ ശംഭുനാഥ് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി ഉച്ചക്ക് രണ്ടു മണിയോടെ കടകൾ അടപ്പിച്ചു. പിന്നീട് ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തിൽ എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, കെ.വി.വി.ഇ.എസ് യൂനിറ്റ് പ്രസിഡന്റ് അനിൽ ലൈലാക്ക് എന്നിവരുമായി പോലീസ് ചർച്ച നടത്തി. നിയന്ത്രണങ്ങൾ അശാസ്ത്രീയവും പുനഃപരിശോധിക്കേണ്ടതുമാണെന്നു വ്യാപാരികൾ പറഞ്ഞു. കലക്ടറുടെ തീരുമാനമനുസരിച്ചാണ് നിയന്ത്രണങ്ങളെന്നും തീരുമാനങ്ങൾ പലിക്കാൻ വ്യാപാരികൾക്കു ബാധ്യതയുണ്ടന്നും പോലീസ് ചർച്ചയിൽ അറിയിച്ചു.
പോലീസ് നിർദേശം ലംഘിച്ച് കടകൾ തുറക്കാൻ ആഹ്വാനം ചെയ്ത 25 വ്യാപാരികൾക്കെതിരെയും നിയന്ത്രണം ലംഘിച്ച് കടകൾ തുറന്ന 25 വ്യാപാരികൾക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ടൗണിൽ ഗതാഗത തടസ്സമുണ്ടാക്കുംവിധം പ്രകടനം നടത്തിയ 150 ഓളം വ്യാപാരികൾക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ടൗണിലെ പല കടകളും നിയമം ലംഘിച്ച് പിൻവാതിലുകൾ വഴി കച്ചവടം നടത്തുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്.