കോഴിക്കോട്- എ.കെ.ജി വിവാദത്തിൽ മാപ്പു പറയില്ലെന്ന സൂചനയുമായി വി.ടി ബൽറാം എം.എൽ.എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വി.ടി ബൽറാം ഇക്കാര്യം പറഞ്ഞത്. ഗോപാലസേനക്ക് കീഴടങ്ങില്ലെന്നും എന്നെ സംരക്ഷിച്ച യു.ഡി.എഫ് പ്രവർത്തകർക്ക് നന്ദിയെന്നും പറഞ്ഞാണ് ബൽറാം പോസ്റ്റിട്ടിരിക്കുന്നത്. കേരളത്തിൽ സി.പി.എമ്മിൽ അക്രമസേനയുണ്ടാക്കിയത് എ.കെ.ജിയാണെന്നും ഇതിന്റെ പേര് ഗോപാല സേന എന്നായിരുന്നു പേരെന്നും കഴിഞ്ഞദിവസം പ്രമുഖ സാമൂഹ്യപ്രവർത്തകൻ സിവിക് ചന്ദ്രൻ പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഗോപാലസേനക്ക് കീഴടങ്ങില്ലെന്ന ബൽറാമിന്റെ പ്രസ്താവന.
ബൽറാം മാപ്പു പറയണമെന്ന് ഉമ്മൻ ചാണ്ടി, എം.എം ഹസൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിനെയെല്ലാം തിരസ്‌കരിച്ചാണ് മാപ്പു പറയില്ലെന്ന് ബൽറാം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കെ.സുരേന്ദ്രൻ അടക്കമുള്ള ബി.ജെ.പി നേതാക്കളും ബൽറാമിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ സംരക്ഷിച്ച യു.ഡി.എഫ് പ്രവർത്തകർക്ക് മാത്രം നന്ദിയെന്ന് പറഞ്ഞാണ് ബൽറാം പോസ്റ്റ് അവസാനിപ്പിക്കുന്നത്. സുരേന്ദ്രൻ അടക്കമുള്ളവരുടെ പിന്തുണ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ കടുത്ത വാഗ്വാദമുണ്ടായിരുന്നു.