തൃശൂര്‍- ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ മലയാളി വനിതയാണ് തൃശൂര്‍ ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്ന ഹരിത വി. കുമാര്‍. ജനറല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് ഹരിത തൃശൂരിലേക്ക് ജില്ലാ കലക്ടറായി വരുന്നത്. തൃശൂരിലെ കലക്ടര്‍ എസ്. ഷാനവാസ് മഹാത്മാഗാന്ധി നാഷ്ണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗാരന്റീ സ്‌കീം ഡയറക്ടര്‍ സ്ഥാനത്തേക്ക് മാറും.
രാജു നാരായണസ്വാമി സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടി 22 വര്‍ഷത്തിനു ശേഷം 2012ലാണ് ഹരിത ആ നേട്ടം വീണ്ടും കേരളത്തിലെത്തിക്കുന്നത്.
നെയ്യാറ്റിന്‍കരയിലെ വിജയകുമാര്‍-ചിത്ര ദമ്പതികളുടെ മകളാണ്. നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് ജിഎച്ച്എസ്എസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പത്താംക്ലാസില്‍ ഏഴാം റാങ്കോടെ വിജയം. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍. എന്‍ട്രന്‍സ് എഴുതി തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ ഇലക്ട്രോണിക് ബിടെക് കോഴ്‌സിനു ചേര്‍ന്നു.
മികച്ച മാര്‍ക്കോടെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ എച്ച്‌സിഎല്ലില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജോലി ലഭിച്ചു. ജോലി ഉപേക്ഷിച്ച് 2009 സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെങ്കിലും മെയിന്‍ പരീക്ഷയില്‍ പരാജയപ്പെട്ടു. പിന്നീട് അഞ്ചാമത്തെ വര്‍ഷമാണ് ഒന്നാം റാങ്കോടു കൂടി ഐ.എ.എസ് നേടിയത്. കര്‍ണാടക സംഗീതജ്ഞയും നല്ലൊരു ഭരതനാട്യ നര്‍ത്തകിയുമാണ് ഹരിത.